< Back
India
Police seal house of woman who sold cattle Assistant Commissioner cancels action
India

കന്നുകാലിയെ വിറ്റ സ്ത്രീയുടെ വീട് സീൽ ചെയ്ത് പൊലീസ്; നടപടി റദ്ദാക്കി അസി. കമ്മീഷണർ

Web Desk
|
9 Nov 2025 10:43 PM IST

പൊലീസ് അതിക്രമം സംബന്ധിച്ച് സിപിഎം ബെൽത്തങ്ങാടി താലൂക്ക് സെക്രട്ടറി അസി. കമ്മീഷണർക്ക് നിവേദനം നൽകിയിരുന്നു.

ബം​ഗളൂരു: കന്നുകാലികളെ വിറ്റ വീട്ടമ്മയുടെ വീട് സീൽ ചെയ്ത പൊലീസ് നടപടി നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് അസി. കമ്മീഷണർ റദ്ദാക്കി. കർണാടകയിലെ ധർമസ്ഥല പൊലീസിന്റെ നടപടിയാണ് പുത്തൂർ അസി. കമ്മീഷണർ സ്റ്റെല്ല വർഗീസ് റദ്ദാക്കിയത്. പശുവിനെയും കിടാക്കളേയും കശാപ്പുകാർക്ക് വിറ്റെന്ന് ആരോപിച്ചാണ് പത്രമേ ഗ്രാമത്തിലെ പട്ടുരു നിവാസി സുഹറയുടെ വീട് പൊലീസ് സീൽ ചെയ്തത്.

പൊലീസ് അതിക്രമം സംബന്ധിച്ച് സിപിഎം ബെൽത്തങ്ങാടി താലൂക്ക് സെക്രട്ടറി അഡ്വ. ബി.എം ഭട്ട് അസി. കമ്മീഷണർക്ക് നിവേദനം നൽകിയിരുന്നു. കന്നുകാലികളെ വിറ്റതിന്റെ പേരിൽ വീട് കണ്ടുകെട്ടിയ പൊലീസ് നടപടിയുടെ നിയമസാധുത ഭട്ട് ചോദ്യം ചെയ്തു. വീട് സീൽ ചെയ്തതിനാൽ സ്കൂളിൽ പോകുന്ന രണ്ട് പെൺമക്കളും മറ്റൊരു കുട്ടിയും ഉൾപ്പെടെയുള്ള കുടുംബത്തിന് അഭയം നഷ്ടപ്പെട്ട കാര്യവും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

വീട് നിയമവിരുദ്ധമായി പിടിച്ചെടുത്തെന്ന് ആരോപിച്ച് ഭട്ട് ബെൽത്തങ്ങാടി തഹസിൽദാർക്കും നിവേദനം നൽകി. സുഹറയുടെ കുടുംബം ക്ഷീരകർഷകരാണെന്നും ഒരു പശുവിനെയും രണ്ട് കിടാക്കളേയും വിറ്റിരുന്നെന്നും പ്രദേശവാസികൾ പറഞ്ഞു. കന്നുകാലികളെ വാങ്ങുന്നതും വിൽക്കുന്നതും പാൽ ഉത്പാദകരും കർഷകരും തമ്മിൽ സാധാരണമാണെന്നും വാങ്ങുന്നവർ മൃഗങ്ങളെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിന് വിൽപ്പനക്കാർ ഉത്തരവാദികളല്ലെന്നും അവർ വ്യക്തമാക്കി.

നോട്ടീസോ വിശദീകരണത്തിനുള്ള അവസരമോ ഇല്ലാതെ വീട് പിടിച്ചെടുക്കുന്നത് നിയമവിരുദ്ധമാണെന്നും ബി.എം ഭട്ട് വ്യക്തമാക്കി. പ്രത്യേകിച്ച് സ്ത്രീയും കുട്ടികളുമടങ്ങുന്ന കുടുംബത്തോട് പൊലീസ് ചെയ്തത് ക്രൂരതയാണ്. പശുവിനെ വിൽക്കുന്നത് സ്വത്ത് കണ്ടുകെട്ടലിന് ആവശ്യമായ കുറ്റകൃത്യമായി കണക്കാക്കാനാവില്ല. കന്നുകാലികളെ വിൽക്കുന്നത് അത്തരമൊരു കുറ്റമായി കണക്കാക്കിയാൽ എല്ലാ കർഷകരുടെയും കൃഷിയിടങ്ങൾ കണ്ടുകെട്ടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts