< Back
India
മോദി തന്റെ ഹനുമാനെ അനുഗ്രഹിച്ചു കഴിഞ്ഞു; ബിഹാറിൽ ചിരാഗ് പസ്വാന് വേണ്ടി പോസ്റ്ററുകൾ
India

'മോദി തന്റെ ഹനുമാനെ അനുഗ്രഹിച്ചു കഴിഞ്ഞു'; ബിഹാറിൽ ചിരാഗ് പസ്വാന് വേണ്ടി പോസ്റ്ററുകൾ

ശരത് ഓങ്ങല്ലൂർ
|
10 March 2026 4:44 PM IST

നിതീഷ് കുമാറിനേക്കാൾ മികച്ച രീതിയിൽ ഭരണം കാഴ്ചവെക്കാൻ ചിരാഗിന് സാധിക്കുമെന്ന് അദ്ദേഹത്തിന്റെ മാതാവ് രാജ്കുമാരി ദേവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭയിലേക്ക് മത്സരിക്കാൻ ഒരുങ്ങുന്നതിനിടെ ബിഹാറിൽ അധികാരതർക്കം രൂക്ഷം. ബിജെപി നേതാക്കൾക്കളുടെ പല പേരുകളും സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നതിനിടെയാണ് രാംവിലാസ് പസ്വാന്റെ മകനും എൽജെപി (രാംവിലാസ് പസ്വാൻ വിഭാഗം ) നേതാവുമായ ചിരാഗ് പസ്വാന് വേണ്ടിയുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പട്‌നയിലാണ് ചിരാഗിന് വേണ്ടിയുള്ള പോസ്റ്ററുകൾ പ്രചരിക്കുന്നത്.

'ലഹളകളില്ല, അക്രമങ്ങളില്ല, ചിരാഗ് ബിഹാർ മുഖ്യമന്ത്രിയാകണം' എന്നതാണ് പോസ്റ്ററുകളിലെ പ്രധാന വാചകം.'മോദി തന്റെ ഹനുമാനെ അനുഗ്രഹിച്ചു കഴിഞ്ഞു; ബിഹാറിന്റെ പുതിയ നേതാവ് ചിരാഗ് ആയിരിക്കും.' 'ബിഹാർ ചിരാഗിനെ ആവശ്യപ്പെടുന്നു. ഒരു യുവ മുഖ്യമന്ത്രിയെ നിയമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.'എൻ.ഡി.എ സർക്കാർ രൂപീകരിക്കും, ചിരാഗ് തന്നെയാകും മുഖ്യമന്ത്രി.' എന്നിവയാണ് പോസ്റ്ററുകളിലെ മറ്റ് വാചകങ്ങൾ. നിതീഷ് കുമാറിനേക്കാൾ മികച്ച രീതിയിൽ ഭരണം കാഴ്ചവെക്കാൻ ചിരാഗിന് സാധിക്കുമെന്ന് അദ്ദേഹത്തിന്റെ മാതാവ് രാജ്കുമാരി ദേവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ബിഹാറിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ ബിജെപി ക്യാമ്പിലും മുഖ്യമന്ത്രി പദത്തിനായി ചർച്ചകൾ നടക്കുന്നുണ്ട്. പ്രധാനമായും രണ്ട് പേരുകളാണ് ബിജെപിയിൽ നിന്ന് ഉയർന്നു കേൾക്കുന്നത്. നിലവിലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ പേരും കേന്ദ്രമന്ത്രി നിത്യാനന്ദ റായിയുടെ പേരുമാണത്. ബിഹാറിൽ എൻഡിഎ സഖ്യം തുടരുമ്പോഴും മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള അവകാശവാദങ്ങൾ സൂചിപ്പിക്കുന്നത് മുന്നണിക്കുള്ളിലെ ഐക്യമില്ലായ്മയാണ്. നിതീഷ് കുമാർ ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയാൽ ബിഹാറിന്റെ അമരത്ത് ആര് വരുമെന്നത് വരും ദിവസങ്ങളിൽ നിർണ്ണായകമാകും.

Similar Posts