
'നിയമവ്യവസ്ഥയെ പരിഹസിക്കൽ': തെരഞ്ഞെടുപ്പ് കമ്മിഷണറുടെ നിയമനം സുപ്രിംകോടതിയിലുന്നയിച്ച് പ്രശാന്ത് ഭൂഷൺ
|മോദിയും അമിത്ഷായും ചേർന്ന് ഏകപക്ഷീയ തീരുമാനമാണ് നടപ്പിലാക്കുന്നത് എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുത്ത രീതിക്കെതിരെ പ്രതിഷേധം ശക്തമായി. കേന്ദ്രനീക്കത്തിനെതിരായ ഹരജി നാളെ സുപ്രിംകോടതി പരിഗണിക്കാനിരിക്കെയാണ് നിയമനം നടത്തിയതെന്ന് പ്രശാന്ത് ഭൂഷൺ സുപ്രിംകോടതിയിൽ പരമർശിച്ചു. തിടുക്കത്തിൽ നടത്തിയ നിയമനമെന്നാണ് കോൺഗ്രസും സിപിഎമ്മും പ്രതികരിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന പ്രക്രിയ ചോദ്യം ചെയ്ത ഹരജി നാളെ പരിഗണിക്കാനിരിക്കെ ഗ്യാനേഷ് കുമാറിനെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറാക്കിയത് നിയമ വ്യവസ്ഥയെ പരിഹസിക്കലാണെന്ന് പ്രശാന്ത് ഭൂഷൺ സുപ്രിംകോടതിയിൽ പറഞ്ഞു. അതേസമയം ഹരജി നാളെ, ആദ്യം പരിഗണിക്കണം എന്ന പ്രശാന്ത് ഭൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
മോദിയും അമിത്ഷായും ചേർന്ന് ഏകപക്ഷീയ തീരുമാനമാണ് നടപ്പിലാക്കുന്നത് എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. കോടതി, ഹരജി പരിഗണിക്കുന്നത് വരെ നിയമനം മാറ്റി വെയ്ക്കണമെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അഭിപ്രായം തള്ളിയാണ് ഗ്യാനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയി നിയമിച്ചത്.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ തിങ്കളാഴ്ച വിരമിച്ചതിനെ തുടർന്നാണ് പുതിയ ആളെ തെരഞ്ഞെടുക്കാൻ അതേദിവസം പ്രധാനമന്ത്രി സെലക്റ്റ് കമ്മിറ്റി യോഗം വിളിച്ചത്.
നിയമന വ്യവസ്ഥ സുതാര്യവും നിഷ്പക്ഷവുമാകുന്നതിനു വേണ്ടിയാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ തെരഞ്ഞെടുപ്പ് സമിതിയിൽ ഉൾപ്പെടുത്തിയത്. എന്നാല്‍ ഈ ഉത്തരവ് , പ്രത്യേക നിയമം പാസാക്കി മറികടക്കുകയാണ് കേന്ദ്രം ചെയ്തത്. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരെ കൂടാതെ ചീഫ്ജസ്റ്റിസിനെ ഒഴിവാക്കി പ്രധാനമന്ത്രി നിർദേശിക്കുന്ന മന്ത്രി എന്നാക്കുകയായിരുന്നു.