< Back
India
ബംഗാളിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പ്രതികുർ റഹ്മാൻ തൃണമൂൽ കോൺഗ്രസിൽ
India

ബംഗാളിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പ്രതികുർ റഹ്മാൻ തൃണമൂൽ കോൺഗ്രസിൽ

അഹമ്മദലി ശര്‍ഷാദ്
|
23 Feb 2026 2:03 PM IST

എസ്ഡിപിഐ, വെൽഫെയർ പാർട്ടി തുടങ്ങിയ സംഘടനകളുമായി ചേർന്നാണ് സിപിഎം പ്രവർത്തിക്കുന്നതെന്ന് പ്രതികുർ റഹ്മാൻ ആരോപിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും യുവനേതാവുമായ പ്രതികുർ റഹ്മാൻ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. കഴിഞ്ഞ 16ന് പാർട്ടിയിൽ നിന്ന് രാജിവെച്ച പ്രതികുർ തൃണമൂൽ എംപിയും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയിൽ നിന്ന് അംഗത്വം സ്വീകരിച്ചു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അഭിഷേക് ബാനർജിക്കെതിരെ ഡയമണ്ട് ഹാർബർ മണ്ഡലത്തിൽ മത്സരിച്ചത് അതികുർ റഹ്മാൻ ആയിരുന്നു. ബിജെപിയെ നേരിടാൻ തൃണമൂലിന് മാത്രമേ സാധിക്കൂ എന്ന് റഹ്മാൻ പറഞ്ഞു.

''എംഎൽഎ ആവാൻ വേണ്ടിയാണ് പ്രതികുർ റഹ്മാൻ തൃണമൂലിൽ ചേരുന്നത് എന്നാണ് സിപിഎം നേതാക്കൾ പ്രചരിപ്പിക്കുന്നത്. എന്നാൽ തന്നെ കാണാൻ വന്നപ്പോൾ പ്രതികുർ ആദ്യം പറഞ്ഞത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ല. എനിക്ക് സംഘടനാ പ്രവർത്തനത്തിലാണ് താത്പര്യം എന്നാണ്. ഇക്കാലത്ത് ഇത്തരം നേതാക്കളെ കണ്ടെത്താൻ ബുദ്ധിമുട്ടാണ്. സിപിഎമ്മിന്റെ തെറ്റായ നയങ്ങൾക്കെതിരെ പ്രതികുർ റഹ്മാൻ നിലകൊണ്ടു. അതുകൊണ്ടാണ് അവർ അദ്ദേഹത്തെ ആക്രമിക്കുന്നത്''- പ്രതികുർ റഹ്മാനെ സ്വാഗതം ചെയ്തുകൊണ്ട് അഭിഷേക് ബാനർജി പറഞ്ഞു.

ഫാഷിസ്റ്റ് കക്ഷിയായ ബിജെപി ബംഗാളിൽ സ്വാധീനമുറപ്പിക്കുന്നത് തടയാനാണ് താൻ തൃണമൂൽ കോൺഗ്രസിൽ ചേർന്നതെന്ന് പ്രതികുർ റഹ്മാൻ പറഞ്ഞു. സിപിഎം ബിജെപിക്കെതിരെ പോരാടുന്നില്ല. എസ്ഡിപിഐ, വെൽഫെയർ പാർട്ടി തുടങ്ങിയ സംഘടനകളുമായി ചേർന്നാണ് സിപിഎം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Similar Posts