< Back
India
Pregnant Woman Among Two Killed After Electric Pole Collapses by JCB During Road Repair Work
India

ജെസിബി തട്ടി ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞുവീണു; ബെംഗളൂരുവിൽ ഗർഭിണിയടക്കം രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

Web Desk
|
18 March 2025 5:59 PM IST

ട്യൂഷൻ കഴിഞ്ഞുവന്ന കുട്ടികളെയും കൊണ്ട് വീട്ടിലേക്ക് പോവുകയായിരുന്നു യുവതികളെന്ന് പൊലീസ് പറഞ്ഞു.

ബെം​ഗളൂരു: റോഡ് പണിക്കിടെ ജെസിബി തട്ടി ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞ് തലയിൽ വീണ് ​ഗർഭിണിയടക്കം രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. ബെം​ഗളൂരുവിലെ സുദ്ദഗുണ്ടേപാളയ മെയിൻ റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെയാണ് അപകടം. പ്രദേശത്ത് താമസിക്കുന്ന സോനി കുമാരി‍ (35), സുമതി (35) എന്നിവരാണ് മരിച്ചത്. ഇവരിൽ സോനി നാലു മാസം ​ഗർഭിണിയായിരുന്നു.

അപകടത്തിൽ ഇവർക്കൊപ്പമുണ്ടായിരുന്ന കുട്ടികൾക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ ജെസിബി ഡ്രൈവർ വാഹനം പിന്നോട്ട് എടുക്കുന്നതിനിടെ അബദ്ധത്തിൽ ഒരു വൈദ്യുതി തൂണിൽ ഇടിക്കുകയും ഇത് തകർന്ന് സ്ത്രീകളുടെയും കുട്ടികളുടെയും മേൽ വീഴുകയുമായിരുന്നു.

ട്യൂഷൻ കഴിഞ്ഞുവന്ന കുട്ടികളെയും കൊണ്ട് വീട്ടിലേക്ക് പോവുകയായിരുന്നു യുവതികളെന്ന് പൊലീസ് പറഞ്ഞു. അപകട വിവരം ലഭിച്ചതിനെത്തുടർന്ന് ബൈയ്യപ്പനഹള്ളി സ്റ്റേഷനിൽ നിന്നുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ജെസിബി പിടിച്ചെടുത്ത് ഡ്രൈവർ രാജുവിനെ അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശിനിയായ സോനി കഴിഞ്ഞ എട്ടു വർഷമായി ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പം സുദ്ദഗുണ്ടേപാളയയിലാണ് താമസം. തമിഴ്നാട് സ്വദേശിനിയായ സുമതിയും ഇവിടെ ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പമാണ് താമസം.

സംഭവത്തെത്തുടർന്ന് പ്രദേശവാസികൾ രോഷാകുലരായി. ജെസിബി ഡ്രൈവർ ഹെഡ്‌ഫോൺ ധരിച്ചിരുന്നെന്നും വാഹനം ഇലക്ട്രിക് വയറിൽ തട്ടിയപ്പോൾ നാട്ടുകാർ ഒച്ചവച്ചത് അയാൾ കേട്ടില്ലെന്നും അവർ കുറ്റപ്പെടുത്തി. ഇത് കൊലപാതകമല്ലാതെ മറ്റൊന്നുമല്ലെന്ന് സുദ്ദഗുണ്ടേപാളയ നിവാസിയായ ഭരത് പറഞ്ഞു.

അപകടത്തിന്റെ പശ്ചാത്തലത്തിൽ, പണികൾ നടത്തുമ്പോൾ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി)യോട് നിർദേശിച്ചതായി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അറിയിച്ചു.

Similar Posts