< Back
India
രാഷ്ട്രപതി ദ്രൗപതി മുര്‍മു പോര്‍ച്ചുഗലില്‍; സന്ദര്‍ശനം 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം
India

രാഷ്ട്രപതി ദ്രൗപതി മുര്‍മു പോര്‍ച്ചുഗലില്‍; സന്ദര്‍ശനം 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം

Web Desk
|
7 April 2025 8:39 AM IST

1998ല്‍ കെ.ആര്‍ നാരായണനായിരുന്നു ഇന്ത്യയിൽ നിന്ന് അവസാനമായി പോര്‍ച്ചുഗല്‍ സന്ദര്‍ശിച്ച രാഷ്ട്രപതി

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു പോര്‍ച്ചുഗലിലെത്തി. 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ രാഷ്ട്രപതി പോര്‍ച്ചുഗലില്‍ എത്തുന്നത്.

1998ല്‍ കെ.ആര്‍ നാരായണനായിരുന്നു ഇന്ത്യയിൽ നിന്ന് അവസാനമായി പോര്‍ച്ചുഗല്‍ സന്ദര്‍ശിച്ച രാഷ്ട്രപതി. പോര്‍ച്ചുഗല്‍ പ്രസിഡന്റ് മാര്‍സല്ലോ റെബെലോ ഡി സൗസയുടെ ക്ഷണമനുസരിച്ചാണ് സന്ദര്‍ശനം. ഏപ്രില്‍ ഒൻപതിന് രാഷ്ട്രപതി പോര്‍ച്ചുഗലില്‍ നിന്ന് സ്ലൊവാക്കിയയിലേക്ക് പോകും. 29 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ രാഷ്ട്രപതി സ്ലൊവാക്കിയ സന്ദര്‍ശിക്കുന്നത്.

പോർച്ചുഗൽ പ്രസിഡൻ്റ് മാർസല്ലോ റെബെലോ ഡി സൂസ, പ്രധാനമന്ത്രി ലൂസ് മോണ്ടിനെഗ്രോ, അസംബ്ലി സ്പീക്കർ ഡോ. ജോസ് പെഡ്രോ അഗ്യാർ-ബ്രാങ്കോ എന്നിവരുൾപ്പെടെയുള്ള ഉന്നത നേതൃത്വവുമായി പ്രസിഡൻ്റ് മുർമു കൂടിക്കാഴ്ച നടത്തും. ലിസ്ബൺ മേയർ കാർലോസ് മാനുവൽ ഫെലിക്സ് മൊയ്ദാസ് മുർമുവിന് വേണ്ടി ഒരു പ്രത്യേക പരിപാടി സംഘടിപ്പിക്കും. പ്രസിഡന്റ് സൂസ ഒരുക്കുന്ന വിരുന്നിലും രാഷ്ട്രപതി പങ്കെടുക്കും.

രണ്ട് പ്രധാന യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തമാക്കാന്‍ ഈ സന്ദര്‍ശനങ്ങള്‍ സഹായിക്കുമെന്ന് രാഷ്ട്രപതി ഭവന്‍ അറിയിച്ചു. ഫെബ്രുവരിയിൽ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും കോളജ് ഓഫ് കമ്മീഷണേഴ്‌സും ഇന്ത്യ സന്ദർശിച്ചു.

Similar Posts