< Back
India
Prevent contempt proceedings by ensuring timely response to court orders: Law to central ministries
India

'കോടതിയലക്ഷ്യ നടപടികള്‍ തടയാൻ കോടതി ഉത്തരവുകളോട് സമയബന്ധിതമായി പ്രതികരിക്കണം'; കേന്ദ്ര മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശവുമായി നിയമ മന്ത്രാലയം

Web Desk
|
27 April 2025 4:33 PM IST

കേന്ദ്രത്തിനെതിരായ 1.50 ലക്ഷത്തോളം കോടതിയലക്ഷ്യ കേസുകളാണ് വിവിധ കോടതികളിലുള്ളത്.

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ നടപടികൾ തടയാൻ കോടതി ഉത്തരവുകളോട് സമയബന്ധിതവും കൃത്യവുമായി പ്രതികരിക്കണമെന്ന് കേന്ദ്ര മന്ത്രാലയങ്ങൾക്ക് നിയമ മന്ത്രാലയത്തിന്റെ നിർദേശം. കേന്ദ്രത്തിനെതിരായ 1.50 ലക്ഷത്തോളം കോടതിയലക്ഷ്യ കേസുകളാണ് വിവിധ കോടതികളിലുള്ളത്. വിവിധ മന്ത്രാലയങ്ങളുടെ നിയമവ്യവഹാരങ്ങള്‍ കൈകാര്യം ചെയ്യുന്ന പല ഉദ്യോഗസ്ഥര്‍ക്കും നിയമമേഖലയില്‍ വേണ്ടത്ര പരിചയമില്ലാത്തതിനാൽ നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ധാരണയില്ല. ഇത് ജുഡീഷ്യല്‍ നിര്‍ദേശങ്ങളോട് പ്രതികരിക്കുന്നതിലുണ്ടാകുന്ന വീഴ്ചയ്ക്കും മേധാവികള്‍ക്കെതിരെ കോടതിയലക്ഷ്യ കേസുകളിലേക്ക് നയിക്കാനും കാരണമാകുന്നുവെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

മിക്ക മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും പ്രത്യേക ലീ​ഗൽ സെല്ലുകളില്ല. ഓരോ വിഷയവും കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരോ സാങ്കേതിക വിഭാഗമോ ആണ് ആ വിഷയവുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നത്. വിധിന്യായങ്ങളും കോടതി നിര്‍ദേശങ്ങളും പാലിക്കാത്തതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാറുണ്ട്. നിരീക്ഷണവും ഏകോപനവും വര്‍ധിപ്പിക്കുന്നതു വഴി ഇത് തടയാന്‍ കഴിയുമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

കേന്ദ്ര സര്‍ക്കാർ കക്ഷിയായിട്ടുള്ള കേസുകള്‍ കുറക്കാന്‍ ജോയിന്റ് സെക്രട്ടറിയുടെ റാങ്കില്‍ കുറയാത്ത ഒരു നോഡല്‍ ഓഫീസറെ നിര്‍ദേശിക്കാനും അദ്ദേഹത്തെ കേസുകളുടെ മേല്‍നോട്ടമേല്‍പ്പിക്കാനും മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശമുണ്ട്. ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന് നിയമബിരുദമെങ്കിലും വേണമെന്നും അല്ലെങ്കില്‍ മതിയായ നിയമ പരിജ്ഞാനവും ന്യായമായ കാലയളവില്‍ തുടര്‍ച്ചയോടെ ജോലി ചെയ്തിരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

കേസുകൾ കൈകാര്യം ചെയ്യുന്നതിനായി എല്ലാ മന്ത്രാലയങ്ങള്‍ക്കും കീഴില്‍ ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, അണ്ടര്‍ സെക്രട്ടറി എന്നീ തസ്തികകള്‍ നിര്‍മിക്കാനും നിര്‍ദേശമുണ്ട്. കോടതിയുടെ ഉത്തരവുകളും വിധികളും പാലിക്കേണ്ടത് അതത് മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ചുമതലയാണെന്ന് ലോക്‌സഭയില്‍ ബജറ്റ് സമ്മേളനത്തിനിടെ നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാൾ രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിരുന്നു.

Similar Posts