< Back
India
ടിവി വാങ്ങാൻ ഇതാണ് മികച്ച അവസരം ?​; സോണി എംഡി പറയുന്നത് കേൾക്കാം
India

ടിവി വാങ്ങാൻ ഇതാണ് മികച്ച അവസരം ?​; സോണി എംഡി പറയുന്നത് കേൾക്കാം

Web Desk
|
19 Sept 2025 12:27 PM IST

ധനമന്ത്രി നിർമ്മല സീതാരാമൻ 32 ഇഞ്ചിൽ കൂടുതലുള്ള ടിവികളുടെ ജിഎസ്ടി നിരക്ക് 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചിരുന്നു

ന്യൂഡൽഹി: ഇനി പ്രീമിയം ടിവികൾക്ക് വില കുറയും. ജിഎസ്ടി പരിഷ്കരണത്തിന് പിന്നാലെ പ്രീമിയം ടെലിവിഷൻ സെറ്റുകളുടെ വിലയിൽ ഏകദേശം എട്ട് ശതമാനം വരെ വില കുറയുമെന്ന് ഇലക്ട്രോണിക്സ് ഉൽപ്പന്ന നിർമാതാക്കളായ 'സോണി ഇന്ത്യ' അറിയിച്ചു. പുതിയ വിലകൾ സെപ്റ്റംബർ 22 മുതലാണ് പ്രാബല്യത്തിൽ വരുന്നത്.

സോണി ഇന്ത്യ മാനേജിംഗ് ഡയറക്ടർ (എംഡി) സുനിൽ നയ്യാറാണ് പ്രീമിയം ടിവികളുടെ വിലയുമായി ബന്ധപ്പെട്ട പ്രസ്താവന പുറത്തിറക്കിയത്. ടിവികളുടെ ജിഎസ്ടി നിരക്ക് കുറച്ചതിന്റെ മുഴുവൻ ആനുകൂല്യവും ഉപഭോക്താവിന് നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും പ്രീമിയം, സൂപ്പർ പ്രീമിയം വിഭാഗത്തിൽ ഞങ്ങളുടെ വിലകൾ 7.8 ശതമാനം കുറയുമെന്നും സുനിൽ നയ്യാർ പറഞ്ഞു.

ധനമന്ത്രി നിർമ്മല സീതാരാമൻ 32 ഇഞ്ചിൽ കൂടുതലുള്ള ടിവികളുടെ ജിഎസ്ടി നിരക്ക് നേരത്തെ 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചിരുന്നു. അതുകൊണ്ടുതന്നെ 85 ഇഞ്ച് ടിവികൾക്ക് 70,000 വരെയും, 75 ഇഞ്ച് ടിവികൾക്ക് 51,000 വരെയും, 65 ഇഞ്ച് ടിവികൾക്ക് 40,000 വരെയും, 55 ഇഞ്ച് ടിവികൾക്ക് 32,000 വരെയും വിലക്കുറവാണ് ലഭിക്കുന്നത്.

ഞങ്ങളുടേത് പ്രീമിയം വിലയുള്ള ഒരു ബ്രാൻഡാണ്. മുമ്പ് ഞങ്ങളുടെ ഉൽപ്പന്നങ്ങൾ എല്ലാവർക്കും വാങ്ങുന്നതിൽ പരിമിധികൾ ഉണ്ടായെന്നിരിക്കണം. എന്നാൽ ഈ വില കുറയ്ക്കലുകൾ ഉപഭോക്താക്കൾക്ക് ആശ്വാസകരമാകും. ആളുകൾക്ക് വലിയ സ്‌ക്രീനുകൾ ചെറിയ വിലയിൽ ആസ്വദിക്കാൻ സാധിക്കും.

55 ഇഞ്ചിനും അതിനുമുകളിലും വലിപ്പമുള്ള ടിവികളിൽ അഞ്ച് മുതൽ 10 ശതമാനം വരെ വളർച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ സോണി ഇന്ത്യ 10,000 കോടി രൂപയുടെ ഉയർന്ന വരുമാനവും ലക്ഷ്യമിടുന്നുതായി കമ്പനി പറ‍ഞ്ഞു. 2024 സാമ്പത്തിക വർഷത്തിൽ 7664 കോടി വരുമാനമാണ് സോണി ഇന്ത്യ രേഖപ്പെടുത്തിയത്.

Similar Posts