< Back
India
ഷിൻസോ ആബെയുടെ മരണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു ; ഇന്ത്യയിൽ നാളെ ദുഃഖാചരണം
India

ഷിൻസോ ആബെയുടെ മരണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു ; ഇന്ത്യയിൽ നാളെ ദുഃഖാചരണം

Web Desk
|
8 July 2022 3:12 PM IST

ജപ്പാനിലെ നരാ നഗരത്തിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് ആബെയ്ക്ക് വെടിയേൽക്കുന്നത്

ഡൽഹി: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ഷിൻസോയോടുള്ള ആദരസൂചകമായി ഇന്ത്യയിൽ നാളെ ദുഃഖാചരണം നടത്തും.

ഏറെ വേദനാ ജനകം. ആബേക്കെതിരായ ആക്രമണം ഇന്ത്യയേയും ഞെട്ടിച്ചു. മരണം വരെ ഇന്ത്യയുമായുള്ള നല്ല ബന്ധം തുടരുമെന്ന് പ്രഖ്യാപിച്ച ആബേ ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം വളർത്തുന്നതിൽ വലിയ പങ്കാണ് വഹിച്ചിരുന്നതെന്ന് ആക്രമണത്തെ കുറിച്ച് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു.

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനായി പ്രവർത്തിച്ച ഉറ്റ സുഹൃത്തിനെയാണ് നഷ്ടമായതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.

'ആബെയുടെ കൊലപാതകത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് കഠിനാധ്വാനം ചെയ്ത ഒരു ഉറ്റ സുഹൃത്തിനെയാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായിരിക്കുന്നത്'- രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു.

ജപ്പാനിലെ നരാ നഗരത്തിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് ആബെയ്ക്ക് വെടിയേൽക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ആബെയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഇതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. പിന്നീട് ആരോഗ്യനില വഷളായ ആബെ മരിച്ചതായി അധികം വൈകാതെ തന്നെ ജാപ്പനീസ് വാർത്താ ഏജൻസിയായ ജിജി ന്യൂസ് റിപ്പോർട്ട് ചെയ്തു.

Similar Posts