< Back
India
Empuran
India

'എംപുരാനിൽ ഹിന്ദുവിരുദ്ധ അജണ്ട, ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നു'; ആര്‍എസ്എസ് മുഖപത്രം

Web Desk
|
29 March 2025 11:56 AM IST

ഹിന്ദു വിരുദ്ധവും ഇന്ത്യാ വിരുദ്ധവുമായ സിനിമയാണ് പൃഥ്വിരാജ് നിർമിച്ചതെന്നും ഓർഗനൈസറിൽ പറയുന്നു

ഡൽഹി: മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എംപുരാനെതിരെ ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. ഹിന്ദുവിരുദ്ധ അജണ്ടയാണ് മോഹൻലാൽ ചിത്രം എംപുരാനിൽ മുഖപത്രം ആരോപിക്കുന്നു. ചിത്രത്തിൽ 2002 ലെ കലാപത്തിൽ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നുണ്ട്. പൃഥ്വിരാജ് രാഷ്ട്രീയ അജണ്ടയാണ് നടപ്പാക്കിയത്. മോഹൻലാലിൻ്റെ വേഷം ആരാധകരെ ചതിക്കുന്നതാണ്. ഹിന്ദു വിരുദ്ധവും ഇന്ത്യാ വിരുദ്ധവുമായ സിനിമയാണ് പൃഥ്വിരാജ് നിർമിച്ചതെന്നും ഓർഗനൈസറിൽ പറയുന്നു.

2002-ലെ ഗോധ്ര ട്രെയിൻ തീവെപ്പ് കേസിലെ കുറ്റവാളികളെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിച്ചിട്ടുണ്ടെന്ന കാര്യം മറക്കരുത്. അതേസമയം കലാപത്തെ ഒരു ഉപകരണമായി ഉപയോഗിക്കാനുള്ള കോൺഗ്രസിന്‍റെ രാഷ്ട്രീയ അജണ്ട ഇന്ത്യയിലെ ജനങ്ങൾ പലതവണ നിരാകരിച്ചിട്ടുണ്ടെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടി. പക്ഷേ, മോഹൻലാലിനെപ്പോലുള്ള അനുഭവസമ്പത്തുള്ള നടൻ സമൂഹങ്ങൾക്കിടയിൽ വിദ്വേഷം മാത്രം വളർത്തുന്ന കഥ തെരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്നതിൽ ദുരൂഹതയുണ്ട്. പൃഥ്വിരാജിന്‍റെ രാഷ്ട്രീയം പലപ്പോഴും വ്യക്തമായിട്ടുള്ളതാണ്. എംപുരാനിൽ ആ ചായ്‌വുകൾ വളരെ സൂക്ഷ്മതയോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. അതിലെ ഓരോ രംഗങ്ങളും മനുഷ്യമനസിനെ അസ്വസ്ഥമാക്കുന്നു. ഇതിൽ ഹിന്ദു പുരുഷന്മാർ ഒരു മുസ്‍ലിം കുട്ടിയെ നിഷ്കരുണം മർദിക്കുന്നതും ഗർഭിണിയായ ഒരു മുസ്‍ലിം സ്ത്രീക്കെതിരെ ഭീകരമായ അക്രമം നടത്തുന്നതും ഉൾപ്പെടുന്നു. ഈ രംഗങ്ങൾ അത്യന്തം ഭീതികരവും ഞെട്ടിപ്പിക്കുന്നതുമാണെന്നും ഓര്‍ഗനൈസര്‍ പറയുന്നു.

സിനിമയുടെ ആഖ്യാനം ഹിന്ദുക്കളെ അധിക്ഷേപിക്കുക മാത്രമല്ല, പ്രത്യേകിച്ച് ഹിന്ദു അനുകൂല രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെയും ലക്ഷ്യം വയ്ക്കുന്നു. മലയാള സിനിമയിൽ നിഷ്പക്ഷനായി അറിയപ്പെടുന്ന നടനാണ് മോഹൻലാൽ. മതപരവും രാഷ്ട്രീയവുമായ പരിധികൾ മറികടക്കാനുള്ള അദ്ദേഹത്തിന്‍റെ നിലപാട് ദശലക്ഷണക്കിനാളുകളുടെ പ്രശംസ നേടിയിട്ടുണ്ട്. എന്നിരുന്നാലും, അത്തരമൊരു ഭിന്നിപ്പും രാഷ്ട്രീയ പ്രാധാന്യവുമുള്ള ആഖ്യാനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു സിനിമയിൽ അഭിനയിക്കാനുള്ള അദ്ദേഹത്തിന്‍റെ തീരുമാനം വിശ്വസ്തരായ ആരാധകവൃന്ദത്തോടുള്ള വഞ്ചനയാണെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു.

അതേസമയം എംപുരാൻ സിനിമയുടെ സംവിധായകൻ പൃഥ്വിരാജിന്‍റെ വിദേശ ബന്ധങ്ങൾ അന്വേഷിക്കണമെന്ന് യുവമോർച്ച ആവശ്യപ്പെട്ടു. കുരുതിയും ജനഗണമനയും എമ്പുരാനും വരെ എത്തി നിൽക്കുന്ന തീവ്രവാദ ആശയങ്ങളെ വെള്ളപൂശുന്ന കഥാതന്തുവാണ് പൃഥ്വിയുടെ സിനിമകളിലുള്ളതെന്നും യുവമോർച്ച ജനറൽ സെക്രട്ടറി കെ. ഗണേഷ് ആരോപിച്ചു.

Similar Posts