< Back
India
ഫലസ്തീൻ ബാഗുമായി പ്രിയങ്കാ ഗാന്ധി ലോക്സഭയിൽ
India

ഫലസ്തീൻ ബാഗുമായി പ്രിയങ്കാ ഗാന്ധി ലോക്സഭയിൽ

Web Desk
|
16 Dec 2024 1:00 PM IST

ഡല്‍ഹിയിലെ ഫലസ്തീൻ നയതന്ത്ര പ്രതിനിധി ആബിദ് അൽ റാസിക് അബു ജാസിറുമായി പ്രിയങ്കാ ഗാന്ധി അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു

ന്യൂഡൽഹി: ഫലസ്തീൻ ബാഗുമായി കോൺഗ്രസ് എംപി പ്രിയങ്കാ ഗാന്ധി ലോക്‌സഭയിൽ. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ഫലസ്തീൻ നയതന്ത്ര പ്രതിനിധി ആബിദ് എൽറാസെഗ് അബി ജാസറുമായി പ്രിയങ്കാ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു.

സ്വന്തം വസതിയിൽവെച്ചായിരുന്നു കൂടിക്കാഴ്ച. ഫലസ്തീനിയൻ പോരാട്ടങ്ങൾക്ക് പ്രിയങ്കാ ഗാന്ധി പിന്തുണ അറിയിച്ചു. ഫലസ്തീനുമായുള്ള ആത്മബന്ധങ്ങളും പ്രിയങ്ക കൂടിക്കാഴ്ചയിൽ അനുസ്മരിച്ചു. ഈ കൂടിക്കാഴ്ച സമയത്ത് നയതന്ത്ര പ്രതിനിധി സമ്മാനിച്ച ബാഗാണ് പ്രിയങ്ക ലോക്‌സഭയിലേക്ക് കൊണ്ടുവന്നത് എന്നാണ് വിവരം.

മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്ത് ഫലസ്തീന്‍ നേതാവ് യാസർ അറഫാത്ത് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ കുട്ടിക്കാലത്ത് അദ്ദേഹത്തെ പലതവണ കണ്ടിരുന്നതായും പ്രിയങ്ക അനുസ്മരിച്ചു.

അതേസമയം വെടിനിർത്തൽ കരാർ കൊണ്ടുവരുന്നതിൽ മാത്രമല്ല, ഇസ്രായേലിൻ്റെ സൈനിക ആക്രമണത്തിൽ തകർന്നുതരിപ്പണമായ ഗസ്സ മുനമ്പിൻ്റെ പുനർനിർമ്മാണത്തിലും ഇന്ത്യ പ്രധാന പങ്ക് വഹിക്കണമെന്ന് പ്രിയങ്കാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ നയതന്ത്ര പ്രതിനിധി ആവശ്യപ്പെട്ടിരുന്നു. ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൽ പ്രിയങ്ക ഗാന്ധിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

Similar Posts