< Back
India
Pro-DMK and anti-Hindu film Tamil Nadu Youth Congress demands ban on Parasakthi
India

'ഡിഎംകെ അനുകൂലം, ഹിന്ദു വിരുദ്ധം'; ശിവകാർത്തിയേകന്റെ 'പരാശക്തി'ക്ക് വിലക്കേർപ്പെടുത്തണമെന്ന് തമിഴ്നാട് യൂത്ത് കോൺ​ഗ്രസ്

ഷിയാസ് ബിന്‍ ഫരീദ്
|
13 Jan 2026 12:37 PM IST

ശിവകാർത്തികേയൻ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കണ്ടുമുട്ടുന്നതും തുടർന്ന് അവരെ മോശമായി ചിത്രീകരിക്കുന്ന രംഗങ്ങളുമാണ് ചിത്രത്തിൽ കാണിക്കുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു.

ചെന്നൈ: ശിവകാർത്തിയേകൻ നായകനായ പുതിയ ചിത്രം പരാശക്തിക്ക് വിലക്കേർപ്പെടുത്തണമെന്ന് തമിഴ്നാട് യൂത്ത് കോൺ​ഗ്രസ്. ചിത്രം ഹിന്ദു വിരുദ്ധവും തമിഴ് വിരുദ്ധവും ഡിഎംകെ അനുകൂലവുമാണെന്ന് ആരോപിച്ചാണ് നീക്കം. കോൺഗ്രസ് ഉൾപ്പെട്ട ചരിത്ര സംഭവങ്ങളെ സിനിമ വളച്ചൊടിക്കുന്നതായും യൂത്ത് കോൺ​ഗ്രസ് ആരോപിക്കുന്നു.

പോസ്റ്റ് ഓഫീസ് ഫോമുകളിൽ ഹിന്ദി മാത്രമേ പാടുള്ളൂ എന്ന് സിനിമയിൽ പറയുന്ന കാര്യം കെട്ടിച്ചമച്ചതാണെന്ന് തമിഴ്നാട് യൂത്ത് കോൺ​ഗ്രസ് സീനിയർ വൈസ് പ്രസിഡന്റ് അരുൺ ഭാസ്കർ പറഞ്ഞു. '1965ൽ അന്നത്തെ കോൺ​ഗ്രസ് സർക്കാർ, എല്ലാ സംസ്ഥാനങ്ങളിലും പോസ്റ്റ് ഓഫീസ് ഫോമുകൾ ഹിന്ദിയിൽ മാത്രമേ പൂരിപ്പിക്കാൻ പാടുള്ളൂ എന്ന് ഔദ്യോ​ഗികമായി ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് തീർത്തും കെട്ടിച്ചമച്ചതും കോൺ​ഗ്രസിനെ അപകീർത്തിപ്പെടുത്താനുദ്ദേശിച്ചുള്ളതാണ്'- അരുൺ ഭാസ്കർ വിശദമാക്കി.

ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെ ശിവകാർത്തികേയൻ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കണ്ടുമുട്ടുന്നതും തുടർന്ന് അവരെ മോശമായി ചിത്രീകരിക്കുന്ന രംഗങ്ങളുമാണ് ചിത്രത്തിൽ കാണിക്കുന്നതെന്ന് ഭാസ്‌കർ പറയുന്നു. ഫെബ്രുവരി 12ന് ഇന്ദിരാ​ഗാന്ധി കോയമ്പത്തൂരിൽ എത്തിയിട്ടില്ലെന്നും അന്നവിടെ അങ്ങനൊരു യോ​ഗമേ ഉണ്ടായിട്ടില്ലെന്നും പറഞ്ഞ ഭാസ്കർ, ആ രം​ഗം തീർത്തും സാങ്കൽപ്പികമാണെന്നും അഭിപ്രായപ്പെട്ടു.


തീപിടിച്ച ഒരു ട്രെയിൻ ഇന്ദിരാ​ഗാന്ധിക്ക് മുന്നിൽ മുന്നിൽ വീഴുന്ന മറ്റൊരു രം​ഗവും ചിത്രത്തിലുണ്ട്. അതും അടിസ്ഥാന രഹിതമാണ്. ഇത് തികഞ്ഞ അസംബന്ധവും യാഥാർഥവുമായി പൊരുത്തപ്പെടാത്തതാണെന്നും ഭാസ്കർ അവകാശപ്പെട്ടു. സിനിമയുടെ ക്ലൈമാക്സിനെയും ഭാസ്‌കർ വിമർശിച്ചു. ഇന്ദിരാഗാന്ധി, ലാൽ ബഹദൂർ ശാസ്ത്രി, കെ. കാമരാജ് എന്നിവരുടെ യഥാർഥ ഫോട്ടോകൾ ഈ ഭാ​ഗത്ത് ഉൾപ്പെടുത്തിയിട്ടുള്ളതായും പൊള്ളാച്ചിയിൽ 200ലധികം തമിഴരെ വെടിവച്ച് കൊന്നതായും കാണിക്കുന്നു. ഇത്രയും ഗുരുതരമായ ഒരു ആരോപണം ശരിവയ്ക്കുന്ന ഒരു തെളിവുപോലുമില്ലെന്നും ഭാസ്കർ.

ഇതിൽ ശക്തമായി അപലപിക്കുന്നു. ചരിത്ര വസ്തുതകളെ വളച്ചൊടിക്കുന്ന ചിത്രത്തിന് വിലക്കേർപ്പെടുത്തണം. ചിത്രത്തിലെ ഇത്തരം സീനുകൾ അടിയന്തരമായി ഒഴിവാക്കണമെന്നും അണിയറപ്രവർത്തകർ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും അത് ചെയ്തില്ലെങ്കിൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യൂത്ത് കോൺ​ഗ്രസ് നേതാവ് ആവശ്യപ്പെട്ടു. പരാശക്തിക്കെതിരെ പ്രതിഷേധിക്കാൻ അദ്ദേഹം കോൺ​ഗ്രസ് പ്രവർത്തകരോട് ആഹ്വാനം ചെയ്യുകയും ചെയ്തു.

ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെ 1960കളിൽ നടന്ന വിദ്യാർഥി പ്രക്ഷോഭം പ്രമേയമാക്കിയ പരാശക്തി ജനുവരി 10നാണ് തിയേറ്ററുകളിലെത്തിയത്. ഇതേ ദിവസം റിലീസ് തീരുമാനിച്ചിരുന്ന വിജയ്‌യുടെ ജനനായകൻ‌ സിനിമയുടെ റിലീസ് തടഞ്ഞപ്പോൾ 25 കട്ടുകൾക്ക് ശേഷം സെൻസർ ബോർഡിന്റെ അനുമതി ലഭിച്ച ചിത്രമാണ് പരാശക്തി. സുധ കൊം​ഗാര പ്രസാദ് സംവിധാനം ചെയ്ത ചിത്രത്തിൽ, ശിവകാർത്തികേയനെ കൂടാതെ രവി മോഹൻ, അഥർവ, ശ്രീലീല എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Similar Posts