< Back
India
Probe launched in UPs Pilibhit into attempts to convert Sikhs to Christianity
India

സിഖുകാരെ ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്യിക്കുന്നുവെന്ന് പരാതി; യുപി പിലിഭിതിൽ അന്വേഷണം

Web Desk
|
18 May 2025 1:16 PM IST

സിഖ് വിഭാഗത്തിൽ നിന്നുള്ള പ്രതിനിധിസംഘം ജില്ലാ ഭരണകൂടത്തിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

പിലിഭിത്: സിഖുകാരെ ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്യിക്കുന്നുവെന്ന പരാതിയിൽ ഉത്തർപ്രദേശിലെ പിലിഭിതിൽ അന്വേഷണം. സിഖ് വിഭാഗത്തിൽ നിന്നുള്ള പ്രതിനിധിസംഘം ജില്ലാ ഭരണകൂടത്തിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

സിഖുകാരെ ക്രിസ്തുമതത്തിലേക്ക് കൂട്ടത്തോടെ പരിവർത്തനം ചെയ്യിക്കുന്നുവെന്ന് ആരോപിച്ച് സിഖ് വിഭാഗത്തിൽ നിന്നുള്ള പ്രതിനിധിസംഘം തന്നെ വന്നു കണ്ടിരുന്നതായി ജില്ലാ മജിസ്‌ട്രേറ്റ് സഞ്ജയ് കുമാർ സിങ് പറഞ്ഞു. ജില്ലാ പൊലീസുമായി ചേർന്ന് വിഷയത്തെ കുറിച്ച് അന്വേഷിക്കാൻ പൂരൺപൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് നിർദേശം നൽകിയതായി സഞ്ജയ് കുമാർ സിങ് പറഞ്ഞു.

മതപരിവർത്തനം നടത്തുന്നുവെന്ന പരാതിയുമായി വെള്ളിയാഴ്ചയാണ് ആൾ ഇന്ത്യാ സിഖ് പഞ്ചാബി വെൽഫെയർ കൗൺസിൽ അംഗങ്ങൾ ജില്ലാ മജിസ്‌ട്രേറ്റിനെ കണ്ടത്. സമീപകാലത്ത് മൂവായിരത്തോളം സിഖുകാർ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തതായി ഇവർ പറഞ്ഞു. മതപരിവർത്തനം നടത്തിയ 160 കുടുംബങ്ങളുടെ പേരുകളും ഇവർ ജില്ലാ മജിസ്‌ട്രേറ്റിന് കൈമാറി.

നേപ്പാളി പാസ്റ്റർമാർ നിർബന്ധിച്ചും പ്രലോഭനത്തിലൂടെയും ആളുകളെ മതപരിവർത്തനം നടത്തുകയാണെന്ന് പ്രതിനിധിസംഘത്തിലെ ഹർപാൽ സിങ് ജഗ്ഗി മാധ്യമങ്ങളോട് പറഞ്ഞു. ഫെബ്രുവരിയിൽ സംഘടിപ്പിച്ച ഒരു പരിപാടിയിലൂടെ 180 കുടുംബങ്ങളെ സിഖ് മതത്തിലേക്ക് തിരിച്ചെത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അതിർത്തി ഗ്രാമങ്ങളിൽ 2020 മുതൽ വ്യാപകമായ മതപരിവർത്തനം നടക്കുന്നതായി ഹർപാൽ സിങ് പറഞ്ഞു. സമ്മർദവും പ്രലോഭനവും രോഗങ്ങൾ ഭേദമാകുമെന്ന വ്യാജ വാഗ്ദാനവും നൽകിയാണ് ആളുകളെ മതം മാറ്റുന്നതെന്നും അദ്ദേഹം ആരോപിച്ചു. നിർബന്ധിത മതപരിവർത്തനം ആരോപിച്ച് മേയ് 13ന് ഹസാര പൊലീസ് എട്ട് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Similar Posts