< Back
India
properties declared by Courts as Waqfs should not be de-notified as Waqfs says SC
India

കോടതി വഖഫായി പ്രഖ്യാപിച്ച സ്വത്ത് വഖഫല്ലെന്ന് പ്രഖ്യാപിക്കാൻ ആകില്ലെന്ന് സുപ്രിംകോടതി; ഡീ നോട്ടിഫൈ ചെയ്യരുത്, നിലവിലെ സ്ഥിതി തുടരണം

Web Desk
|
16 April 2025 4:41 PM IST

വഖഫ് ബോർഡുകളിലെയും സെൻട്രൽ വഖഫ് കൗൺസിലിലെയും എക്സ്-ഒഫീഷ്യോ അംഗങ്ങൾ ഒഴികെ എല്ലാവരും മുസ്‌ലിംകളായിരിക്കണമെന്നും കോടതി നി​ർദേശിച്ചു.

ന്യൂഡൽഹി: വഖഫ് ഭേദ​ഗതി നിയമത്തിൽ കേന്ദ്രത്തിന് നിർണായക നിർദേശവുമായി സുപ്രിംകോടതി. കോടതികൾ വഖഫായി പ്രഖ്യാപിച്ച സ്വത്തുക്കൾ, അവ വഖഫ് മുഖേനയുള്ളതോ, ആധാരം മുഖേനയുള്ളതോ ആകട്ടെ, ഡീ-നോട്ടിഫൈ ചെയ്യാൻ പാടില്ലെന്നാണ് ഒന്നാമത്തെ നിർദേശം. അതായത് നിലവിലെ വഖഫ് സ്വത്തുക്കൾ അതല്ലാതാക്കരുത് എന്ന് കോടതി നിർദേശിക്കുന്നു. കോടതി വഖഫായി പ്രഖ്യാപിച്ച സ്വത്ത് വഖഫ് അല്ല എന്ന് പ്രഖ്യാപിക്കാൻ ആകില്ലെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി.

സ്വത്തുക്കളിൽ നിലവിലെ സ്ഥിതി തുടരണം. വഖഫ് ബോർഡുകളിലെയും സെൻട്രൽ വഖഫ് കൗൺസിലിലെയും എക്സ്-ഒഫീഷ്യോ അംഗങ്ങൾ ഒഴികെ എല്ലാവരും മുസ്‌ലിംകളായിരിക്കണമെന്നും കോടതി നി​ർദേശിച്ചു. വഖഫ് സ്വത്ത് സർക്കാർ ഭൂമിയാണോ എന്ന് കലക്ടർ അന്വേഷണം നടത്തുന്ന കാലയളവിൽ‌ അവ വഖഫ് ആയി കണക്കാക്കില്ലെന്ന വ്യവസ്ഥ പ്രാബല്യത്തിൽ വരുത്താനാവില്ലെന്നും കോടതി വ്യക്തമാക്കി.

കലക്ടർമാർക്ക് നിയമനടപടിയുമായി മുന്നോട്ടുപോകാം, എന്നാൽ തീരുമാനം എടുക്കുന്നത് കോടതിയാവും എന്നും സുപ്രിംകോടതി അറിയിച്ചു.‌ വർഷങ്ങൾ പഴക്കമുള്ള രേഖകൾ ഇല്ലാത്ത ഭൂമി എങ്ങനെ സർക്കാർ ഏറ്റെടുക്കുമെന്നും കോടതി ചോദിച്ചു. ‌ഉപയോ​ഗം വഴി വഖഫായ ഭൂമികൾ അതല്ലാതാക്കിയാൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും കോടതി ആശങ്കപ്പെടുന്നതായും കോടതി വിലയിരുത്തി.

വഖഫ് ഭേ​ദ​ഗതി നിയമത്തിലെ‌ ആശങ്കകൾ പരിഹരിക്കപ്പെടണമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ആവശ്യപ്പെട്ടു. ഭേദഗതിയിൽ അംഗീകരിക്കാനാവുന്നതും ആവാത്തതുമായ കാര്യങ്ങളുണ്ട്. വഖഫുമായി ബന്ധപ്പെട്ടുള്ള അക്രമങ്ങൾ അസ്വസ്ഥത ഉണ്ടാക്കുന്നെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഹരജികളിൽ നാളെയും വാദം തുടരും. ഉച്ചയ്ക്ക് രണ്ട് മണിക്ക് തുടർവാദം ആരംഭിക്കും. കോടതി പല ചോദ്യങ്ങൾ ചോദിച്ചെങ്കിലും കൃത്യമായ ഉത്തരം സോളിസിറ്റർ ജനറൽ തുഷാർ മേത്ത നൽകിയില്ല. തർക്ക ഭൂമിയിലെ പ്രശ്നങ്ങളിൽ കലക്ടർക്ക് തീരുമാനം എടുക്കാമെന്ന് സോളിസിറ്റർ‌ ജനറൽ വാദിച്ചപ്പോൾ വഖഫ് ഭൂമിയിൽ തർക്കം ഉണ്ടായാൽ കലക്ടർ എങ്ങനെ തീരുമാനമെടുക്കുമെന്നും വഖഫ് സ്വത്ത് സംബന്ധിച്ച് ജില്ലാ കലക്ടർ തീരുമാനമെടുക്കുന്നത് ന്യായമാണോ എന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചോദിച്ചു.

സംരക്ഷിത സ്മാരകങ്ങൾ വഖഫായി കണക്കാക്കാൻ ആകില്ലെന്നും പുരാതന സ്മാരകങ്ങൾ സംരക്ഷിക്കപ്പെടണമെന്നും കോടതി നിരീക്ഷിച്ചു. തിരുപ്പതി ബോർഡിൽ അഹിന്ദുക്കൾ ഉണ്ടോ എന്ന് കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചു. പുരാതന മസ്ജിദുകൾക്ക് രേഖകൾ എങ്ങനെ ഉണ്ടാകുമെന്നും കോടതി. ‌‌വഖഫ് ഭൂമികൾ റീ രജിസ്റ്റർ ചെയ്യുന്നതിൽ നിയമപ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

Similar Posts