< Back
India
മുല്ലപ്പെരിയാര്‍: തമിഴ്നാട്ടില്‍ പൃഥ്വിരാജിന്‍റെ കോലംകത്തിച്ച് പ്രതിഷേധം
India

മുല്ലപ്പെരിയാര്‍: തമിഴ്നാട്ടില്‍ പൃഥ്വിരാജിന്‍റെ കോലംകത്തിച്ച് പ്രതിഷേധം

Web Desk
|
25 Oct 2021 7:50 PM IST

സുപ്രിംകോടതി വിധി നിലനിൽക്കെ തെറ്റിദ്ധാരണജനകമായ പ്രസ്താവനകളിറക്കിയ നടൻ പൃഥ്വിരാജ്​, അഡ്വ. റസ്സൽ ജോയ്​ എന്നിവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം

മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിക്കണമെന്ന് ആവശ്യപ്പെട്ട നടന്‍ പൃഥ്വിരാജിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം. തേനി ജില്ലാ കലക്​ടറേറ്റിന്​ മുന്നിൽ അഖിലേന്ത്യാ ഫോർവേഡ്​ ബ്ലോക്ക്​ പ്രവർത്തകർ പൃഥ്വിരാജി​ന്‍റെ കോലം കത്തിച്ചു.

സുപ്രിംകോടതി വിധി നിലനിൽക്കെ തെറ്റിദ്ധാരണജനകമായ പ്രസ്താവനകളിറക്കിയ നടൻ പൃഥ്വിരാജ്​, അഡ്വ. റസ്സൽ ജോയ്​ എന്നിവർക്കെതിരെ ദേശസുരക്ഷാ നിയമ പ്രകാരം കേസെടുക്കണമെന്ന് അഖിലേന്ത്യാ ഫോർവേഡ്​ ബ്ലോക്ക് ജില്ലാ സെക്രട്ടറി എസ്​.ആർ ചക്രവർത്തി ആവശ്യപ്പെട്ടു. കലക്​ടർക്കും എസ്​.പിക്കും പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞു. പൃഥ്വിരാജിന്‍റെ പ്രസ്​താവന തമിഴ്​നാടിന്‍റെ താൽപര്യത്തിനെതിരാണെന്ന് എം.എൽ.എ വേൽമുരുകനും പറഞ്ഞു.

125 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് ദുർബലമാണെന്നും പൊളിച്ചുപണിയണമെന്നുമാണ് പൃഥ്വിരാജ് ആവശ്യപ്പെട്ടത്. സോഷ്യല്‍ മീഡിയയിലാണ് പൃഥ്വിരാജ് പ്രതികരിച്ചത്. ഇത്രയും പഴക്കമുളള ഒരു ഡാം പ്രവര്‍ത്തിക്കുന്നതിന് എന്ത് ഒഴിവുകഴിവ് പറഞ്ഞാലും അത് സമ്മതിക്കാനാവില്ല. രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങള്‍ മാറ്റിവെച്ച് ശരി എന്തോ അത് ചെയ്യാനുള്ള സമയമാണ്. നമുക്ക് സിസ്റ്റത്തില്‍ മാത്രമേ വിശ്വസിക്കാന്‍ കഴിയൂ. സിസ്റ്റം ശരിയായ തീരുമാനം എടുക്കുമെന്ന് കരുതുന്നുവെന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്.

Similar Posts