< Back
India
കൗൺസിങ് നടത്താനെന്ന വ്യാജേന പീഡനം; 15 വർഷത്തിനിടെ 50 പെൺകുട്ടികളെ ബലാത്സംഗം ചെയ്ത മനഃശാസ്ത്രജ്ഞൻ പിടിയിൽ
India

കൗൺസിങ് നടത്താനെന്ന വ്യാജേന പീഡനം; 15 വർഷത്തിനിടെ 50 പെൺകുട്ടികളെ ബലാത്സംഗം ചെയ്ത മനഃശാസ്ത്രജ്ഞൻ പിടിയിൽ

Web Desk
|
14 Jan 2025 9:44 PM IST

റെസിഡൻഷ്യൽ ക്യാമ്പുകളിൽ കൗൺസിലിംഗ് നൽകാനെന്ന വ്യാജേനെയാണ് രാജേഷ് ധോകെ പീഡനം നടത്തിയിരുന്നത്

നാഗ്പൂർ: 15 വർഷത്തിനിടെ 50 പെൺകുട്ടികളെ ബലാത്സംഗം ചെയ്ത മനഃശാസ്ത്രജ്ഞൻ അറസ്റ്റിൽ. നാഗ്പൂരിലാണ് സംഭവം.റെസിഡൻഷ്യൽ ക്യാമ്പുകളിൽ കൗൺസിലിംഗ് നൽകാനെന്ന വ്യാജേനെയാണ് രാജേഷ് ധോകെ എന്ന മനഃശാസ്ത്രജ്ഞൻ പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നത്.

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണം (പോക്‌സോ) നിയമപ്രകാരവും പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരവും രാജേഷിനെതിരെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭണ്ഡാര, ഗോണ്ടിയ തുടങ്ങിയ ഗ്രാമപ്രദേശങ്ങളിൽ രാജേഷ് വ്യക്തിത്വ വികസന ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഈ ക്യാമ്പുകളിൽ രാജേഷ് പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുമായിരുന്നു.

പ്രതി പെൺകുട്ടികളുടെ വീഡിയോ ദൃശ്യങ്ങൾ പകർത്തുകയും പീഡനവിവരം പുറത്തറിയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. പല പെൺകുട്ടികളെയും ഇയാൾ വർഷങ്ങളോളം പീഡിപ്പിച്ചിരുന്നു. ഇത് കൂടാതെ ഇയാൾ താമസിച്ചിരുന്ന പ്രദേശത്തും നിരവധി സ്ത്രീകളെ പീഡിപ്പിച്ചതായി പരാതിയുണ്ട്.

ഭീഷണി തുടർന്നതോടെ രാജേഷിന്റെ വിദ്യാർത്ഥികളിൽ ഒരാൾ ഹുഡ്‌കേശ്വർ പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. രാജേഷ് സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് പോലീസ് പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കുകയും, കൂടുതൽ പേരോട് പരാതിയുമായി മുന്നോട്ട് വരാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 47 കാരനായ രാജേഷിന് രണ്ട് കുട്ടികളുണ്ട്.

Similar Posts