
കൂരിയാട് ദേശീയപാത തകർന്നത് ഗൗരവതരമെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി
|സമഗ്രപഠനം നടത്തി റിപ്പോർട്ട് നൽകാൻ ഗതാഗത മന്ത്രാലയ സെക്രട്ടറിക്ക് നിർദേശം നൽകി
ന്യൂഡൽഹി: കൂരിയാട് ദേശീയപാത തകർന്നത് ഗൗരവതരമെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി. സമഗ്രപഠനം നടത്തി റിപ്പോർട്ട് നൽകാൻ ഗതാഗത മന്ത്രാലയ സെക്രട്ടറിക്ക് നിർദേശം നൽകി.
ദേശീയപാത ഇടിഞ്ഞ സംഭവത്തിൽ കരാർകമ്പനികള്‍ക്കുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് വിദഗ്ധ സമിതിയും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി യോഗം ചേർന്നതും വിഷയം ഗൗരവതരമെന്ന് വ്യക്തമാക്കുകയും ചെയ്തത്.
ഇടിഞ്ഞ ഭാഗത്തെ റോഡ് പൂർണ്ണമായും പുനർ നിർമ്മിക്കാൻ വിദഗ്ധ സമിതി കേന്ദ്രത്തിന് നൽകിയ റിപ്പോർട്ടിൽ ശിപാർശ ചെയ്തിരുന്നു. ഒരു കിലോമീറ്റർ ദൂരം പൂർണമായും പുനർ നിർമ്മിക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സ്ഥലത്തെ മണ്ണ് പരിശോധന ഫലപ്രദമായി നടന്നില്ല, ഡിസൈനിൽ ഉൾപ്പെടെ പാളിച്ചയുണ്ടായി എന്നും റിപ്പോർട്ടിൽ പറയുന്നു.
കരാർ ഏറ്റെടുത്ത നിർമാണ കമ്പനി കെഎൻആർ കൺസ്ട്രക്ഷൻസിന് വൻ വീഴ്ച സംഭവിച്ചെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിർമാണ കമ്പനിയായ കെഎൻആർ കൺസ്ട്രക്ഷനെതിരെ നടപടിയുമായി കേന്ദ്രം രംഗത്ത് വന്നിരുന്നു. കമ്പനിയെയും കൺസൾട്ടന്റായ ഹൈവേ എൻജിനീയറിങ് കമ്പനിയേയും ഡീബാർ ചെയ്തിരുന്നു.
കേരളത്തിലെ ദേശീയപാതാ തകർച്ചയിൽ കേന്ദ്രം നിയോഗിച്ച മൂന്നംഗ സമിതിയുടേതാണ് റിപ്പോർട്ട്. ഐഐടി പ്രൊഫസർ കെ.ആർ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോർട്ട് സമർപ്പിച്ചത്.
അതേസമയം കൂരിയാട് ദേശീയപാത വീണ്ടും പൊളിഞ്ഞു. പ്രധാന റോഡിന്റെ പാർശ്വ ഭിത്തി തകർന്ന് സർവീസ് റോഡിലേക്ക് പതിച്ചു. നേരത്തെ അപകടം ഉണ്ടായതിന് സമീപമാണ് റോഡ് തകർന്നത്.
നിലവിലെ നിർമാണ രീതിമാറ്റി പ്രദേശത്ത് പാലം പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിർമാണത്തിലെ അപാകത തുടക്കത്തിൽ തന്നെ അധികൃതരെ അറിയിച്ചിരുന്നതായി നാട്ടുകാർ വ്യക്തമാക്കിയിരുന്നു. പ്രദേശവാസികളുടെ ആശങ്ക അവഗണിച്ച് റോഡ് നിർമിച്ചതിന്റെ പരിണിതഫലമാണ് റോഡ് തകർച്ചയെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.
ദേശീയപാതക്കായി ഭൂമി ഏറ്റെടുപ്പ് തുടങ്ങിയപ്പോൾ മുതൽ ആശങ്കകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. നിർമാണത്തിൻറെ ഓരോ ഘട്ടത്തിലും അപാകതകൾ ചൂണ്ടിക്കാണിച്ചു. പ്രദേശത്തിൻറെ ഭൂഘടനയുടെ സവിശേഷത കൂടി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാൽ അധികൃതർ ഒന്നും ചെവികൊണ്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.