< Back
India
Puducherry
India

പുതുച്ചേരിയിൽ കടകളുടെ പേരുകൾ നിര്‍ബന്ധമായും തമിഴിൽ വേണം; സര്‍ക്കുലര്‍ ഉടനെന്ന് മുഖ്യമന്ത്രി

Web Desk
|
19 March 2025 2:31 PM IST

വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന് കുപ്പുസ്വാമി നിയമസഭയില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

പുതുച്ചേരി: പുതുച്ചേരിയിലെ എല്ലാ കടകളിലും സ്ഥാപനങ്ങളിലും പേരുകൾ തമിഴിൽ പ്രദർശിപ്പിക്കണമെന്ന് നിർബന്ധമാക്കി സർക്കാർ സർക്കുലർ പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി എൻ. രംഗസാമി. നിയമസഭയിലെ ശൂന്യവേളയില്‍ വിഷയം ഉന്നയിച്ച സ്വതന്ത്ര അംഗം ജി. നെഹ്‌റു കുപ്പുസ്വാമിയുടെ അപേക്ഷക്ക് മറുപടിയായിട്ടാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

ഈ വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന് കുപ്പുസ്വാമി നിയമസഭയില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വകുപ്പുകളുടെ ചടങ്ങുകള്‍ക്കുള്ള ക്ഷണക്കത്തുകളിലും തമിഴ്പതിപ്പുകള്‍ ഉള്‍പ്പെടുത്തണമെന്നും സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ''ഇത് തമിഴ് ഭാഷയോടുള്ള സ്‌നേഹവും ബഹുമാനവും കൊണ്ടാണ്'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ് ഭാഷയെ ബഹുമാനിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വ്യക്തവും ഉറച്ചതുമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാൻ കുപ്പുസ്വാമി സർക്കാരിനോട് ആവശ്യപ്പെട്ടു.

സർക്കാർ വകുപ്പുകളിലെ പരിപാടികൾക്കുള്ള എല്ലാ ക്ഷണക്കത്തുകളിലും ഇനി തമിഴ് പതിപ്പ് ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ദക്ഷിണേന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ഭാഷാ തർക്കങ്ങൾക്കിടയിലാണ് ഈ നിർദേശം വരുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായുള്ള ത്രിഭാഷാ നയത്തെ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമമായിട്ടാണ് ചില സംസ്ഥാനങ്ങൾ കാണുന്നത്. ഭാഷാപഠന പദ്ധതിയിൽ മൂന്ന് ഭാഷകൾ ഉൾപ്പെടുത്തിക്കൊണ്ട് 1968ൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രൂപം കൊടുത്തതാണ്​ ത്രിഭാഷാ പദ്ധതി. പഠനപദ്ധതിയിൽ മാതൃഭാഷയ്ക്കും ഇംഗ്ലീഷിനും പുറമേ ഹിന്ദി സംസാരിക്കാത്തയിടങ്ങളിൽ ഹിന്ദിയും ഹിന്ദി സംസാരിക്കുന്നയിടങ്ങളിൽ മറ്റൊരു പ്രാദേശിക ഭാഷകൂടി പഠിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ വ്യവസ്ഥ ചെയ്തിട്ടുണ്ട്​.

Similar Posts