< Back
India
വിദേശ യാത്രകൾ, ആഡംബര കാറുകൾ, ആഭരണങ്ങൾ; പൂനെ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ പ്രഖ്യാപനങ്ങളുമായി സ്ഥാനാർഥികൾ
India

വിദേശ യാത്രകൾ, ആഡംബര കാറുകൾ, ആഭരണങ്ങൾ; പൂനെ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ പ്രഖ്യാപനങ്ങളുമായി സ്ഥാനാർഥികൾ

Web Desk
|
25 Dec 2025 3:58 PM IST

ദമ്പതികൾക്ക് തായ്‌ലൻഡിലേക്ക് അഞ്ച് ദിവസത്തെ ആഡംബര ടൂറാണ് മറ്റൊരു വാഗ്ദാനം. പ്രഖ്യാപനങ്ങൾക്കായുള്ള പണം കണ്ടെത്താനുള്ള മാർഗമാണ് മറ്റൊരു ചർച്ച വിഷയം

ന്യൂഡൽഹി: പൂനെ മുൻസിപ്പൽ തെരഞ്ഞെടുപ്പിന് മൂന്ന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ, വിജയിക്കുന്നതിനായി വിവിധ തന്ത്രങ്ങൾ പയറ്റി സ്ഥാനാർഥികൾ. വിദേശ യാത്രകൾ, കാറുകൾ, ആഭരണങ്ങൾ, വീട്ടമ്മമാർക്കുള്ള സാരികൾ വരെയുള്ള സൗജന്യ സമ്മാനങ്ങളാണ് പ്രഖ്യാപനം. ലോഹ്ഗാവ്-ധനോരി വാർഡിലെ ഒരു സ്ഥാനാർഥി ലക്കി നറുക്കെടുപ്പ് വഴി 11 വോട്ടർമാർക്ക് 1,100 ചതുരശ്ര അടി ഭൂമി വീതം നൽകുമെന്ന് പ്രഖ്യാപിച്ചു. ഇതിനായുള്ള രജിസ്ട്രേഷനും ആരംഭിച്ചു.

എ വിമൻ നഗറിലെ സ്ഥാനാർത്ഥികൾ ദമ്പതികൾക്ക് തായ്‌ലൻഡിലേക്ക് അഞ്ച് ദിവസത്തെ ആഡംബര ടൂറാണ് വാഗ്ദാനം ചെയ്തത്. മറ്റ് വാർഡുകളിൽ 'ലക്കി ഡ്രോ' വഴി എസ്‌യുവികൾ, ഇരുചക്ര വാഹനങ്ങൾ, സ്വർണാഭരണങ്ങൾ എന്നിവയും വാഗ്ദാനം ചെയ്യുന്നുണ്ട്.

പലയിടത്തും സ്ത്രീകളെ ലക്ഷ്യമിട്ട് ആയിരക്കണക്കിന് പൈത്താണി സാരികൾ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. തയ്യൽ മെഷീനുകളും സൈക്കിളുകളും നൽകി വരുന്നു.

കായിക പ്രേമികളായ വോട്ടർമാർക്ക് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസുമായി ക്രിക്കറ്റ് ലീഗുകൾ നടത്തുന്നുണ്ട്. സൗജന്യങ്ങൾ നൽകി വോട്ട് കൈക്കലാക്കുന്നതിനെതിരെ നിരവധിപേർ വിമർശനവുമായി രം​ഗത്തെത്തി.

ജനുവരി 15 ലെ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം സംബന്ധിച്ച് ശരദ് പവാറിന്റെയും അജിത് പവാറിന്റെയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി വിഭാഗങ്ങൾ ആദ്യ യോഗം ചേർന്നു. 20 വർഷത്തിന് ശേഷം താക്കറെയുടെ സഹോദരങ്ങളായ ഉദ്ധവ് താക്കറെയും രാജ് താക്കറെയും വീണ്ടും ഒന്നിച്ചു.

Similar Posts