< Back
India
Pune woman dies during abortion, partner throws body, her two children into river, Gajendra Dagadkhaire, Indrayani river, Talegaon Dabhade woman murder,
India

ഗര്‍ഭഛിദ്രത്തിനിടെ മരിച്ച യുവതിയെയും രണ്ട് മക്കളെയും നദിയിലെറിഞ്ഞ് കാമുകന്‍

Web Desk
|
23 July 2024 10:32 AM IST

മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണു പ്രതിയെ പിടികൂടിയത്

പൂനെ: ഗര്‍ഭഛിദ്രത്തിനിടെ മരിച്ച യുവതിയുടെ മൃതദേഹം നദിയില്‍ തള്ളി കാമുകന്‍. യുവതിക്കൊപ്പമുണ്ടായിരുന്ന രണ്ടു മക്കളെയും ജീവനോടെ നദിയിലെറിഞ്ഞു. പൂനെയിലെ ഇന്ദുരിയിലാണു ഞെട്ടിപ്പിക്കുന്ന സംഭവം. ആശുപത്രിയിലായിരുന്നു യുവതി മരിച്ചത്. സംഭവത്തില്‍ പ്രതി ഗജേന്ദ്ര ദഗാഡ്‌കൈറെയും കൂട്ടാളിയും അറസ്റ്റിലായിട്ടുണ്ട്.

സോലാപൂര്‍ സ്വദേശിയായ 25കാരിയാണു മരിച്ചത്. ഭര്‍ത്താവുമായി പിരിഞ്ഞതിനു ശേഷം തലേഗാവില്‍ മാതാപിതാക്കള്‍ക്കൊപ്പമാണു യുവതി കഴിഞ്ഞിരുന്നത്. ഗജേന്ദ്രയുമായി പ്രണയത്തിലായിരുന്നു ഇവര്‍. ഇതിനിടെ കഴിഞ്ഞ ജൂലൈ ആറിനാണ് തലേഗാവ് ധബാഡെയിലെ ബന്ധുവീട്ടിലേക്കു പോകുകയാണെന്നു പറഞ്ഞ് യുവതി വീട്ടില്‍നിന്ന് ഇറങ്ങിയത്.

എന്നാല്‍, രണ്ടു ദിവസത്തിനുശേഷം യുവതിയെ ഫോണില്‍ ബന്ധപ്പെടാനായിരുന്നില്ല. തുടര്‍ന്നു മകളെ കാണാനില്ലെന്നു പറഞ്ഞു മാതാപിതാക്കള്‍ പിംപ്രി ചിഞ്ച്‌വാഡ് പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്ത പൊലീസ് യുവതിയുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് ഗജേന്ദ്രയെ പിടികൂടിയത്. ചോദ്യംചെയ്യലില്‍ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

ഇരുവരും കുറച്ചു നാളായി പ്രണയത്തിലായിരുന്നു. അടുത്തിടെ ലൈംഗിക ബന്ധത്തിനിടെ ഗര്‍ഭമുണ്ടാകുകയും ചെയ്തു. തുടര്‍ന്ന് ഗര്‍ഭഛിദ്രം നടത്താനായി കലംബോലിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തി. യുവതിയുടെ രണ്ടു മക്കളും ഒപ്പമുണ്ടായിരുന്നു.

ആശുപത്രിയില്‍ എത്തുന്ന സമയത്ത് യുവതിക്ക് കടുത്ത പനിയും ക്ഷീണവും വയറുവേദനയുമെല്ലാം ഉണ്ടായിരുന്നതിനാല്‍, ഗര്‍ഭഛിദ്രം നടത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍, ഇവര്‍ ഇതിനു കൂട്ടാക്കിയില്ല. തുടര്‍ന്നു ഗര്‍ഭഛിദ്രം നടത്താനുള്ള ശ്രമത്തിനിടെ യുവതി മരിക്കുകയായിരുന്നു. മരണാനന്തര നടപടികള്‍ പൂര്‍ത്തീകരിക്കാനായി മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റണമെന്ന് സ്വകാര്യ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍, നാട്ടിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാമെന്നു പറഞ്ഞ് ഗജേന്ദ്ര സുഹൃത്തിനെ കൂട്ടി മൃതദേഹവും കുട്ടികളുമായി ആശുപത്രി വിടുകയായിരുന്നു.

തുടര്‍ന്ന് തലേഗാവില്‍ മൃതദേഹം എത്തിച്ച ശേഷം ഇന്ദുരിയിലെ ഇന്ദ്രായണി നദിയില്‍ തള്ളുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. ഇതു കണ്ടു കുട്ടികള്‍ കരയാന്‍ തുടങ്ങിയതോടെ ഇവരെയും പുഴയിലേക്ക് എറിയുകയായിരുന്നു. സംഭവത്തില്‍ ഗര്‍ഭഛിദ്രത്തിന് ഉള്‍പ്പെടെ പ്രതിയെ സഹായിച്ച ഒരു യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കോടതിയില്‍ ഹാജരാക്കി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Summary: Pune woman dies during abortion, partner throws body, her two children into river

Similar Posts