< Back
India
ഭാൻഗ്ര നൃത്തച്ചുവടുകളുമായി പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത്ത് സിങ്- വിഡിയോ വൈറല്‍
India

ഭാൻഗ്ര നൃത്തച്ചുവടുകളുമായി പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത്ത് സിങ്- വിഡിയോ വൈറല്‍

Web Desk
|
23 Sept 2021 10:06 PM IST

മഞ്ഞ നിറത്തിലുള്ള തലപ്പാവും വെളുത്ത കുർത്തയും ധരിച്ച ചരൺജീത്ത് വിദ്യാർത്ഥികൾക്കൊപ്പം നൃത്തച്ചുവടുവയ്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്

ലോകമെങ്ങും ആരാധകരുള്ള പഞ്ചാബിന്റെ സ്വന്തം നാടോടി നൃത്തകലാ രൂപമാണ് ഭാൻഗ്ര. ചില്ലറ ഊർജം പോര ഭാൻഗ്ര നൃത്തത്തിനൊപ്പം ചുവടുവയ്ക്കാൻ. കണ്ടുനിൽക്കുന്നവർക്കാർക്കും ഒന്നു കൂടെച്ചേരാൻ തോന്നുമെങ്കിലും അത്ര എളുപ്പമല്ല കാര്യങ്ങൾ. എന്നാൽ, ഭാൻഗ്ര നൃത്തച്ചുവടുകളുമായി എല്ലാവരെയും വിസ്മയിപ്പിച്ചിരിക്കുകയാണ് പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രി ചരൺജീത്ത് സിങ് ചന്നി.

സർവകലാശാലാ വിദ്യാർത്ഥികൾക്കൊപ്പമായിരന്നു ചരൺജീത്ത് ഭാൻഗ്ര നൃത്തച്ചുവടുമായി ആളുകളുടെ മനംകവര്‍ന്നത്. കഴിഞ്ഞ ദിവസം കപുർത്തലയിലെ ഐകെ ഗുജ്‌റാൾ പഞ്ചാബ് ടെക്‌നിക്കൽ സർവകലാശാലയിൽ നടന്ന പരിപാടിയിലായിരുന്നു പഞ്ചാബ് മുഖ്യമന്ത്രിയുടെ സർപ്രൈസ് ഡാൻസ്. മഞ്ഞ നിറത്തിലുള്ള തലപ്പാവും വെളുത്ത കുർത്തയും ധരിച്ച ചരൺജീത്ത് വിദ്യാർത്ഥികൾക്കൊപ്പം നൃത്തച്ചുവടുവയ്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

വിഡിയോ കണ്ട് പലതരത്തിലുള്ള പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വരുന്നത്. ''ശരിക്കും സാധാരണക്കാരുടെ ആളാണ് ചരൺജീത്ത് സിങ്. അദ്ദേഹം ഭാൻഗ്ര നൃത്തം ആസ്വദിക്കുന്നതു കണ്ടില്ലേ'' എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇങ്ങനെയാകണം ജനനായകരെന്ന് മറ്റൊരു ട്വിറ്റർ ഉപയോക്താവ് പറയുന്നു.

പഞ്ചാബിന്റെ ആദ്യ ദലിത് സിഖ് മുഖ്യമന്ത്രിയാണ് ചരൺജീത്ത് സിങ്. ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ പകരക്കാരനായി തെരഞ്ഞെടുക്കപ്പെട്ടതുമുതൽ വാർത്താതാരമാണ് അദ്ദേഹം.

Similar Posts