< Back
India
ചരൺജിത്ത് സിങ് പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
India

ചരൺജിത്ത് സിങ് പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Web Desk
|
20 Sept 2021 6:41 AM IST

പഞ്ചാബിന്റെ ആദ്യ ദളിത്‌ മുഖ്യമന്ത്രിയാണ് ചരണ്‍ജിത്ത് സിങ്

പഞ്ചാബിന്‍റെ പതിനാറാമത് മുഖ്യമന്ത്രിയായി ചരൺജിത്ത് സിങ് ഛന്നി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രിക്കൊപ്പം രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പ്രതിഷേധ സൂചകമായി മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് വിട്ടുനിന്നു. അതിനിടെ എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്തിനെ വിമർശിച്ച് മുൻ പഞ്ചാബ് പിസിസി അധ്യക്ഷൻ സുനിൽ ഝാക്കർ രംഗത്തത്തി.

പഞ്ചാബ് രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഗവർണർ ബൻവാരിലാൽ പുരോഹിത് മുഖ്യമന്ത്രിക്കും രണ്ട് ഉപമുഖ്യമന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പിസിസി അധ്യക്ഷൻ നവജ്യോത്‍സിങ് സിദ്ദുവും സന്നിഹിതരായിരുന്നു. മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച അതേ ട്വിസ്റ്റ് ഉപമുഖ്യമന്ത്രിയുടെ കാര്യത്തിലും ഉണ്ടായി. സുഖ്‍വീന്ദർ സിങ് രൺധാവെ ഉപമുഖ്യമന്ത്രിയാകുമെന്ന് കരുതിയിരുന്നെങ്കിലും ഓം പ്രകാശ് സോനിയുടെ പേര് അപ്രതീക്ഷിതമായിരുന്നു.

വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ജാട്ട്, സിഖ് വിഭാഗത്തില്‍ നിന്ന് രണ്‍ധാവയെയും ഹിന്ദു സമുദായത്തില്‍ നിന്ന് ഒ.പി സോണിയെയും ഉപമുഖ്യമന്ത്രിമാരാക്കിയത്. ചടങ്ങിലേക്ക് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങിനെ ക്ഷണിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതിന്റെ പ്രതിഷേധം കാരണം അദ്ദേഹം എത്തിയില്ല.

ആറ് മാസത്തിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ സിഖ്, ദലിത് വിഭാഗത്തിന് പ്രാതിനിധ്യം നൽകിയാവും മന്ത്രിസഭ രൂപീകരിക്കുക. മന്ത്രിസഭാ അംഗങ്ങളെ സംബന്ധിച്ചുള്ള ചർച്ചകളും അവസാന ഘട്ടത്തിലാണ്. അതേസമയം സിദ്ദുവിന്‍റെ നേതൃത്വത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നേരിടുമെന്ന എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തിന്‍റെ പ്രസ്താവനയെ വിമര്‍ശിച്ച് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന സുനില്‍ ഝാക്കര്‍ രംഗത്തുവന്നു. പ്രസ്താവന അമ്പരിപ്പിക്കുന്നതും മുഖ്യമന്ത്രിയുടെ അധികാരത്തെ ദുര്‍ബലമാക്കുന്നതുമണെന മുന്‍ പിസിസി അധ്യക്ഷന്‍ കൂടിയായ ഝാക്കര്‍ പറഞ്ഞു.

Similar Posts