< Back
India
ദേരാ അനുയായിയുടെ കൊലപാതകം; പ്രതികൾക്ക് അഭയം നൽകിയ പഞ്ചാബ് എസ്ഐയുടെ മകൻ കസ്റ്റഡിയിൽ
India

ദേരാ അനുയായിയുടെ കൊലപാതകം; പ്രതികൾക്ക് അഭയം നൽകിയ പഞ്ചാബ് എസ്ഐയുടെ മകൻ കസ്റ്റഡിയിൽ

Lissy P
|
14 Nov 2022 1:32 PM IST

നവംബർ 10നാണ് ദേരാ സച്ചാ സൗദാ അനുയായിയായ പ്രദീപ് കതാരിയ പൊതുമദ്ധ്യത്തിൽ വെടിയേറ്റ് മരിച്ചത്

പഞ്ചാബ്: സിർസ ആസ്ഥാനമായുള്ള ദേരാ സച്ചാ സൗദ അനുയായിയെ കോട്കപുരയിൽ കൊലപ്പെടുത്തിയവർക്ക് അഭയം നൽകിയ പഞ്ചാബ് പൊലീസ് സബ് ഇൻസ്പെക്ടറുടെ മകൻ കസ്റ്റഡിയിൽ. നവംബർ 10നാണ് ദേരാ സച്ചാ സൗദാ അനുയായിയായ പ്രദീപ് കതാരിയ പൊതുമദ്ധ്യത്തിൽ വെടിയേറ്റ് മരിച്ചത്.

കൊട്കാപുരയിലെ കടയിൽ ജോലി ചെയ്യുമ്പോൾ ആറംഗ സംഘം പ്രദീപിന് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്തവരടക്കം മൂന്ന് പേർ നേരത്തെ അറസ്റ്റിലായിരുന്നു. ഇതിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരായിരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട കൊലയാളികൾക്ക് പട്യാലയിൽ താമസിക്കാൻ എസ്.ഐയുടെ മകൻ സഹായം ചെയ്‌തെന്നാണ് പൊലീസ് സംശയിക്കുന്നത്.

മകൻ പട്യാലയിലെ പഞ്ചാബി സർവകലാശാലയിലെ വിദ്യാർഥിയാണ്. സർവകലാശാല ഹോസ്റ്റലിലാണ് താമസിക്കുന്നതും. കൊലപാതകത്തെ കുറിച്ച് ഇയാൾക്ക് അറിവുണ്ടായിരുന്നോ, അഭയം നൽകാൻ കൊലയാളികൾ ആവശ്യപ്പെട്ടിരുന്നോ തുടങ്ങിയ കാര്യങ്ങൾ ഇയാളിൽ നിന്നും ചോദിച്ചറിയാനാണ് പൊലീസ് ശ്രമിക്കുന്നത്.

വെടിവെപ്പ് നടത്തിയവരെ സഹായിച്ചവരെ ചോദ്യം ചെയ്തു വരികയാണെന്ന് ഫരീദ്‌കോട്ട് സീനിയർ പൊലീസ് സൂപ്രണ്ട് രാജ്പാൽ സിംഗ് പറഞ്ഞു. 'അതേസമയം, ഇവരുടെ പേരുകൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും തെളിവുകൾ ലഭിച്ചാൽ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഒളിവിലുള്ള മറ്റ് മൂന്ന് പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസെന്നും അദ്ദേഹം പറഞ്ഞു. എട്ട് വെടിയുണ്ടകളായിരുന്നു പർദീപിന്റെ ശരീരത്തിൽ നിന്ന് കണ്ടെടുത്തത്. പ്രതികൾ 55 ബുള്ളറ്റുകളാണ് ഉതിർത്തതെന്ന് പൊലീസ് പറഞ്ഞു.

Similar Posts