< Back
India
ഓപ്പറേഷന്‍ സിന്ദൂരിനിടെ സൈനിക നീക്കങ്ങൾ ചോര്‍ത്തിയ ചാരന്‍ അറസ്റ്റില്‍
India

ഓപ്പറേഷന്‍ സിന്ദൂരിനിടെ സൈനിക നീക്കങ്ങൾ ചോര്‍ത്തിയ ചാരന്‍ അറസ്റ്റില്‍

Web Desk
|
3 Jun 2025 3:04 PM IST

വര്‍ഷങ്ങളായി നിര്‍ണ്ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന ഗഗന്‍ദീപിന്റെ ഫോണിൽ നിന്ന് ലഷ്‌കറെ തൊയ്ബ തലവന്‍ ഹാഫിസ് സയീദിനൊപ്പമുള്ള ഫോട്ടോയും കണ്ടെത്തി

ചണ്ഡീഗഡ്: ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍പ്പെടുള്ള സൈനിക നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പാക്കിസ്താൻ ചാര സംഘടനയായ ഐഎസ്‌ഐക്ക് പങ്കുവെച്ച പഞ്ചാബ് ചാരന്‍ അറസ്റ്റില്‍. ഗഗന്‍ദീപ് സിങ് എന്നയാളാണ് പഞ്ചാബ് പൊലീസ് അറസ്റ്റു ചെയ്തത്. ഗോപാല്‍ സിങ് ചൗള എന്ന ഖലിസ്ഥാന്‍ ഭീകരനുമായും കടുത്ത ബന്ധമുള്ളയാളെയാണ് ഗഗന്‍ദീപ് സിങ്. ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍പ്പെടെയുള്ള സൈനിക നീക്കങ്ങളെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ വര്‍ഷങ്ങളായി പ്രതി ഇന്ത്യന്‍ അതിര്‍ത്തിക്ക് അപ്പുറമുള്ള ഏജന്റിന് ചോര്‍ത്തി നല്‍കുന്നുണ്ട്.

സൈനിക വിന്യാസങ്ങളുടെയും തന്ത്രപ്രധാനമായ സ്ഥലങ്ങളുടെയും വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക രഹസ്യ വിവരങ്ങളാണ് അറസ്റ്റിലായ പ്രതി ചോര്‍ത്തി നല്‍കിയത്. ഇത് ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗഗന്‍ദീപ് സിങ്ങിന് പാക്കിസ്താൻ ആസ്ഥാനാമായി പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ തീവ്രവാദിയായ ഗോപാല്‍ സിങ് ചൗളയുമായി കഴിഞ്ഞ അഞ്ചുവര്‍ഷമായി ബന്ധമുണ്ടെന്നാണ് പ്രഥമിക അന്വേഷണങ്ങളില്‍ പൊലീസ് കണ്ടെത്തിയത്. പാക്കിസ്താൻ ഇന്റലിജന്‍സ് ഓപ്പറേറ്റീവ്‌സുമായി ഗഗന്‍ദീപിനെ പരിചയപ്പെടുത്തുന്നത് ഗോപാല്‍ സിങ്ങാണ്. ഇന്ത്യന്‍ ചാനലുകള്‍ വഴി പ്രതിക്ക് പണവും ലഭിച്ചിട്ടുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഓഫീസറായ ഗൗരവ് യാദവ് പറഞ്ഞു.

പ്രതിയില്‍ നിന്നും കണ്ടെടുത്ത മൊബൈല്‍ ഫോണില്‍ നിന്ന് പാക്കിസ്താൻ ഏജന്റുമായി പങ്കിട്ട നിര്‍ണ്ണായക വിവരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇരുപത് ഐഎസ്‌ഐ പ്രവര്‍ത്തകരുടെ ഫോണ്‍ നമ്പറുകളാണ് ഗഗന്‍ദീപിന്റെ ഫോണില്‍ നിന്നും കണ്ടെത്തിയത്. കൂടുതല്‍ ആളുകള്‍ക്ക് പ്രതിയുമായി ബന്ധമുണ്ടോയെന്ന വിവരം കൂടി പൊലീസ് പരിശോധിക്കുന്നുണ്ട്. അതിനായി പ്രതിയുടെ സാമ്പത്തിക സ്രോതസ്സുകള്‍ അടക്കം പൊലീസ് പരിശോധിച്ചു വരികയാണെന്ന് ഡിജിപി വ്യക്തമാക്കി. ഗോപാല്‍ ചൗള ഇപ്പോള്‍ പാക്കിസ്താനിലുണ്ടെന്നാണ് പഞ്ചാബ് പൊലീസിന്റെ കണ്ടെത്തല്‍.

ഐഎസ്‌ഐയുമായി സഹകരിച്ച് ഇന്ത്യയില്‍ ചാരവ്യത്തി റാക്കറ്റ് നടത്തുകയും പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പ്രതികാര നടപടിയായ ഓപ്പറേഷന്‍ സിന്ദൂരിന്റെ സമയത്തും സജീവമായി പ്രതി ചാരവൃത്തി നടത്തിയതായും കണ്ടെത്തി. പാകിസ്താനിലെ ഭീകര സംഘടനകളുമായി ചൗളയ്ക്ക് ബന്ധമുണ്ട്, ലഷ്‌കര്‍-ഇ-തൊയ്ബ തലവന്‍ ഹാഫിസ് സയീദിനൊപ്പമുള്ള ഫോട്ടോയും കണ്ടെത്തിയിട്ടുണ്ട്.

പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്നാണ് സുരക്ഷാ ഏജന്‍സികള്‍ ചാരവൃത്തി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നായി ചാരവൃത്തി ചെയ്യുന്ന ഡസനോളം ആളുകളെയാണ് അറസ്റ്റ് ചെയ്തത്. അതിലെ ഏറ്റവും പുതിയ കണ്ണിയാണ് ഗഗന്‍ദീപ് സിങ്. യൂട്യൂബില്‍ 3.77 ലക്ഷം സബ്സ്‌ക്രൈബര്‍മാരും ഇന്‍സ്റ്റാഗ്രാമില്‍ 1.33 ലക്ഷം ഫോളോവേഴ്സുമുള്ള ഹരിയാന നിവാസിയായ ജ്യോതി മല്‍ഹോത്ര, പഞ്ചാബില്‍ നിന്നുള്ള 31 കാരിയായ ഗുസാല എന്നീ രണ്ട് സ്ത്രീകളും ഇതില്‍ ഉള്‍പ്പെടുന്നു. ചാരപ്രവര്‍ത്തനം നടത്തിയ മറ്റൊരു സിആര്‍പിഎഫ് ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Similar Posts