
മഹാദേവപുരയിലെ വോട്ടര്‍ പട്ടിക ക്രമക്കേട്; രണ്ട് വര്‍ഷം മുമ്പും പരാതി നൽകിയിരുന്നതായി കോൺഗ്രസ്
|2023ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എച്ച്. നാഗേഷായിരുന്നു കോൺഗ്രസ് സ്ഥാനാര്‍ഥി
ബംഗളൂരു: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി ചേര്‍ന്ന് വോട്ട് മോഷ്ടിക്കുകയാണെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിൽ പ്രതിഷേധം കടുക്കുകയാണ്. മഹാരാഷ്ട്രയിലടക്കം തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്നായിരുന്നു ആരോപണം. നിയമസഭാ തെരഞ്ഞെടുപ്പിലും രണ്ട് മണ്ഡലങ്ങളിൽ വോട്ടർപ്പട്ടികയിൽ ക്രമക്കേട് തെളിഞ്ഞിട്ടുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാർ ആരോപിച്ചിരുന്നു. മഹാദേവപുര, ഗാന്ധിനഗർ നിയമസഭാ മണ്ഡലങ്ങളിൽ അനധികൃതമായി വോട്ടർമാരെ ഉൾപ്പെടുത്തിയെന്നതിന് തെളിവുണ്ടെന്ന് ശിവകുമാർ അവകാശപ്പെടുകയും ചെയ്തിരുന്നു. ഈ തെളിവുകൾ ഉൾപ്പെടെയാണ് ഇന്നലെ രാഹുൽ ഗാന്ധി വാർത്താ സമ്മേളനം നടത്തിയത്.
മഹാദേവപുരയിലെ ക്രമക്കേട് സംബന്ധിച്ച് രണ്ട് വര്‍ഷം മുമ്പും പരാതി നൽകിയിരുന്നതായി കോൺഗ്രസ് വ്യക്തമാക്കുന്നു. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്നാണ് കര്‍ണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിൽ നിന്നുള്ള പ്രതികരണം.
2023ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എച്ച്. നാഗേഷായിരുന്നു കോൺഗ്രസ് സ്ഥാനാര്‍ഥി. മുൻ മന്ത്രി അരവിന്ദ് ലിംബാവലിയുടെ ഭാര്യ എസ്. മഞ്ജുള ലിംബാവലിയെയാണ് ബിജെപി രംഗത്തിറക്കിയത്. 44501 വോട്ടുകൾക്കാണ് മഞ്ജുള നാഗേഷിനെ പരാജയപ്പെടുത്തിയത്. എന്നാൽ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയിൽ ക്രമക്കേട് നടന്നുവെന്ന് ചൂണ്ടിക്കാട്ടി ഏപ്രിലിൽ തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയിരുന്നു.
വോട്ടർപട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് ബംഗളൂരുവിൽ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുന്നതിന് മുന്നോടിയായി ഈ പരാതിയിലെ നടപടികൾ അറിയാൻ കഴിഞ്ഞ ജൂലൈ 31ന് നാഗേഷ് തെരഞ്ഞെടുപ്പ് കമീഷന് കത്തുനൽകി. 2023 ഏപ്രിലിൽ താൻ നൽകിയ കത്തിനോടൊപ്പം സമർപ്പിച്ച രേഖകളുടെ പകർപ്പ് ആവശ്യപ്പെട്ടായിരുന്നു കത്ത്. എന്നാൽ, ആഗസ്റ്റ് രണ്ടിന് കത്തിന് മറുപടി നൽകിയ ജോയിന്‍റ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ എസ്. യോഗേശ്വർ, അത്തരമൊരു കത്ത് ഓഫീസിൽ ലഭ്യമല്ലെന്നും അത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നുമായിരുന്നു മറുപടി.
2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. വോട്ടെണ്ണലിന്റെ ഭൂരിഭാഗം സമയത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മന്‍സൂര്‍ അലി ഖാന്‍ മുന്നിട്ടുനിന്നെങ്കിലും ഫലം വന്നപ്പോള്‍ 32,707 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപിയുടെ പി.സി മോഹന്‍ വിജയിക്കുകയായിരുന്നു. മഹാദേവപുര പോലുള്ള മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയിലെ ഈ ക്രമക്കേടുകളാണ് കോണ്‍ഗ്രസിന്‍റെ വിജയ സാധ്യതയെ അട്ടിമറിച്ചതെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം.