
മഷിക്ക് പകരമായി മാർക്കർ പേന; തെരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യത്തിലുള്ള വിശ്വാസം തകർന്നുവെന്ന് രാഹുൽ ഗാന്ധി
|വോട്ടർമാരുടെ വിരലുകളിൽ അടയാളപ്പെടുത്താൻ ഉപയോഗിക്കുന്ന മായ്ക്കാൻ കഴിയാത്ത മഷിക്ക് പകരമായി മാർക്കർ പേനകൾ ഉപയോഗിച്ചതായാണ് ആരോപണം
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യത്തിലുള്ള വിശ്വാസം തകർന്നുവെന്ന് രാഹുൽ ഗാന്ധി. കമ്മീഷൻ പൗരന്മാരെ ഗ്യാസ് ലൈറ്റ് ചെയ്യുകയാണ്. വോട്ട് ചോരി ഒരു ദേശവിരുദ്ധ പ്രവൃത്തിയാണെന്നും രാഹുൽഗാന്ധി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. മഹാരാഷ്ട്രയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കൃത്രിമം ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വോട്ടർമാരുടെ വിരലുകളിൽ അടയാളപ്പെടുത്താൻ ഉപയോഗിക്കുന്ന മായ്ക്കാൻ കഴിയാത്ത മഷിക്ക് പകരമായി മാർക്കർ പേനകൾ ഉപയോഗിച്ചതായാണ് ആരോപണം. ഇതിന് പിന്നാലെയാണ് പ്രതികരണം.
മാർക്കർ പേനകളുടെ ഉപയോഗത്തെ എതിർത്ത് എംഎൻഎസ് മേധാവി രാജ് താക്കറെ രംഗത്തെത്തിയിരുന്നു. മഷി ഉപയോഗിക്കുന്നതിന് പകരം മാർക്കർ പേനകൾ ഉപയോഗിക്കുന്നത് അസ്വീകാര്യമാണെന്നും ഇത്തരം തട്ടിപ്പ് തെരഞ്ഞെടുപ്പുകൾ കൊണ്ട് ഒരു പ്രയോജനവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര നവനിർമ്മാൺ സേനയുടെ കല്യാണിലെ സ്ഥാനാർഥിയായ ഊർമ്മിള താംബെയാണ് ഈ വിഷയം ആദ്യം ഉന്നയിച്ചത്. ഭരണകക്ഷിയെ സഹായിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ (എസ്ഇസി) മഷിക്ക് പകരം മാർക്കർ പേനകൾ മനഃപൂർവ്വം ഉപയോഗിക്കുന്നുവെന്ന് അവർ ആരോപിച്ചു. മാധ്യമപ്രവർത്തകർ നടത്തിയ പരിശോധനയിൽ, അസെറ്റോൺ പുരട്ടിയ ശേഷം വിരലിലെ അടയാളം അപ്രത്യക്ഷമായതായി കാണുകയും ചെയ്തു. ഡെറ്റോൾ ഉപയോഗിച്ച് എളുപ്പത്തിൽ അടയാളം നീക്കം ചെയ്യാമെന്ന് കാണിക്കുന്ന വീഡിയോ കോൺഗ്രസ് പങ്കുവച്ചു. ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ വൈറലായി, അതിൽ സാനിറ്റൈസറും അസെറ്റോണും ഉപയോഗിച്ച് വോട്ടിംഗ് മാർക്കുകൾ നീക്കം ചെയ്യാൻ കഴിയുമെന്നും കാണിക്കുന്നു. ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയും തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചും വോട്ടർമാരുടെ വിരലുകളിൽ നിന്ന് മഷി നീക്കം ചെയ്തതിനെക്കുറിച്ചും ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. വിരലിലെ മഷി മായ്ച്ചുകളഞ്ഞ ശേഷം വീണ്ടും വോട്ട് ചെയ്യാൻ ശ്രമിച്ചാൽ അവർക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്തതിന് ശേഷം വോട്ടർമാരുടെ വിരലുകളിൽ അടയാളപ്പെടുത്താൻ മാർക്കർ പേനകൾ പരമ്പരാഗതമായി ഉപയോഗിക്കുന്നുണ്ടെന്നാണ് ഇലക്ഷൻ കമ്മീഷൻ വാദം.
അതേസമയം, മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബി.എം.സി) തിരഞ്ഞെടുപ്പില്‍ ബി.ജെ.പി-ശിവസേന (ഏക്‌നാഥ് ഷിന്‍ഡെ) കക്ഷികള്‍ അടങ്ങുന്ന മഹായുതി സഖ്യത്തിന് വന്‍ നേട്ടം. താക്കറെ കുടുംബത്തിന് വലിയ സ്വാധീനമുള്ള നഗരത്തിന്‌റെ അധികാരം ആദ്യമായാണ് ബിജെപിയുടെ കയ്യിലേക്കു വരുന്നത്. മുംബൈ കോര്‍പറേഷനിലെ 227 സീറ്റുകളില്‍ ബിജെപി 90 സീറ്റിലും സഖ്യകക്ഷിയായ ശിവസേന (ഏക്‌നാഥ് ഷിന്‍ഡെ) 28 സീറ്റിലും മുന്നിലാണ്. 114 സീറ്റാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. അന്തിമ ഫലം പുറത്തുവന്നിട്ടില്ല. രാജ്യത്തെ ഏറ്റവും സമ്പന്നമായ മുനിസിപ്പല്‍ ബോഡിയായ മുംബൈ കോര്‍പറേഷന്‍ ഭരണം കൈവിടുന്നത് ഉദ്ധവ് താക്കറെയ്ക്ക് കനത്ത തിരിച്ചടിയാകും.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച്, 29 മുനിസിപ്പൽ കോർപ്പറേഷനുകളിലെ 893 വാർഡുകളിലായി 2,869 സീറ്റുകളിലേക്ക് മത്സരിക്കുന്ന 15,908 സ്ഥാനാർഥികളുടെ വിധി നിർണയത്തിനായി ആകെ 3.48 കോടി വോട്ടർമാർ വോട്ട് ചെയ്യാൻ യോഗ്യരായിരുന്നു. സംസ്ഥാനത്തുടനീളം ആകെ 39,092 പോളിംഗ് കേന്ദ്രങ്ങൾ സജ്ജീകരിച്ചിരുന്നു.