< Back
India
സഭ ഇന്നും പ്രക്ഷുബ്ധം; എം.എം നരവനെയുടെ പുസ്തകവുമായി രാഹുൽ ഗാന്ധി പാർലമെന്റിൽ
India

സഭ ഇന്നും പ്രക്ഷുബ്ധം; എം.എം നരവനെയുടെ പുസ്തകവുമായി രാഹുൽ ഗാന്ധി പാർലമെന്റിൽ

Web Desk
|
4 Feb 2026 1:11 PM IST

എം.എം നരവനെയുടെ പുസ്തകത്തെ ചൊല്ലിയും ഇന്ത്യ യുഎസ് വ്യാപാര കരാറിലും പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷം

ന്യൂഡൽഹി: വിവാദമായ എം.എം നരവനെയുടെ പുസ്തകവുമായി രാഹുൽ ഗാന്ധി പാർലമെന്റിൽ. കറുത്ത വസ്ത്രം ധരിച്ചാണ് രാഹുൽ ഗാന്ധി എത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഈ പുസ്‍തകത്തിലെ ഉള്ളടക്കത്തെ സംബന്ധിച്ച് വലിയ പ്രതിഷേധമാണ് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചത്. രാഷ്ട്രീയ അനുമതി വൈകിയതിനെ തുടർന്ന് ലഡാക്കിൽ ഇന്ത്യൻ ഭൂമി ചൈനയ്ക്ക് നൽകിയെന്നും സേനയുമായി കൂടിയാലോചിക്കാതെ അഗ്നിപഥ് പദ്ധതി നടപ്പിലാക്കിയെന്നും ഉൾപ്പെടെയുള്ള പുസ്തകത്തിലെ ഭാഗങ്ങൾ രാഹുൽ ഗാന്ധി സഭയിൽ ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ആഭ്യന്തര മന്ത്രി അമിത് ഷായും പ്രസംഗം തടസപ്പെടുത്തി.

പ്രസിദ്ധീകരിക്കാതെ പുസ്തകത്തെ സഭയിൽ ഉന്നയിക്കുന്നത് എന്തിനാണ് എന്ന് ചോദിച്ചാണ് രാഹുലിന്റെ പ്രസംഗം ഭരണപക്ഷം തടസപ്പെടുത്തിയത്. പെൻഗ്വിൻ ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന വിരമിച്ച ഇന്ത്യൻ ആർമി ജനറൽ എം.എം നരവനെയുടെ 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകം നിലവിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിൽ അനുമതിക്കായി കാത്തിരിക്കുകയാണ്.

അതേസമയം, എം.എം നരവനെയുടെ പുസ്തകത്തെ ചൊല്ലിയും ഇന്ത്യ യുഎസ് വ്യാപാര കരാറിലും പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. രാഹുൽ ഗാന്ധിയെ സഭയിൽ സംസാരിക്കാൻ അനുവദിക്കാത്തതിൽ പാർലമെന്റ് പ്രക്ഷുബ്ധം. പ്രതിപക്ഷ എംപിമാർ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു.

സസ്പെൻഷനിലായ എംപിമാർ പാർലമെന്റ് കവാടത്തിലും സത്യാഗ്രഹം ആരംഭിച്ചു. മോദി സറണ്ടർ മുദ്രാവാക്യമുയർത്തിയാണ് കരാറിൽ പ്രതിപക്ഷം പാർലമെന്റിൽ പ്രതിഷേധിച്ചത്. കരാറിൽ കർഷകരുടെ താല്പര്യം സംരക്ഷിച്ചെന്ന് പിയുഷ് ഗോയൽ സഭയിൽ പറഞ്ഞു. അതേസമയം രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലോക്സഭയിൽ മറുപടി നൽകും.എന്നാൽ പ്രധാനമന്ത്രിയെ സംസാരിക്കാൻ അനുവദിക്കില്ല എന്നാണ് കോൺഗ്രസ് നിലപാട്.


Similar Posts