< Back
India
വാക്കുപാലിച്ച് രാഹുൽ ഗാന്ധി; ഹരിയാനയിലെ കർഷകൻ്റെ മകളുടെ വിവാഹത്തിനെത്തി പ്രതിപക്ഷ നേതാവ്
India

വാക്കുപാലിച്ച് രാഹുൽ ഗാന്ധി; ഹരിയാനയിലെ കർഷകൻ്റെ മകളുടെ വിവാഹത്തിനെത്തി പ്രതിപക്ഷ നേതാവ്

ശരത് ഓങ്ങല്ലൂർ
|
10 March 2026 7:32 PM IST

2023 ജൂലൈ 8-ന് മദിന ഗ്രാമം സന്ദർശിച്ച രാഹുൽ ഗാന്ധി സഞ്ജയിൻ്റെ പാടത്ത് ഇറങ്ങി നെല്ല് നടുകയും ട്രാക്ടർ ഓടിക്കുകയും ചെയ്തിരുന്നു

ചണ്ഡീഗഢ്: മൂന്ന് വർഷം മുൻപ് താൻ സന്ദർശിച്ച ഹരിയാനയിലെ സോനിപത് ജില്ലയിലുള്ള മദിന ഗ്രാമത്തിലെ കർഷക കുടുംബത്തിന് നൽകിയ വാക്കുപാലിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കർഷകനായ സഞ്ജയിൻ്റെ മകൾ തനുവിൻ്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് രാഹുൽ ഗാന്ധി അപ്രതീക്ഷിതമായി ഗ്രാമത്തിലെത്തിയത്. രോഹ്തക് എം.പി ദീപേന്ദർ സിംഗ് ഹൂഡയ്‌ക്കൊപ്പമാണ് രാഹുൽ വിവാഹവേദിയിലെത്തിയത്. സഞ്ജയിയും ഗ്രാമവാസികളും ചേർന്ന് വെളുത്ത നിറത്തിലുള്ള തലപ്പാവ് അണിയിച്ചാണ് അദ്ദേഹ​ത്തെ സ്വീകരിച്ചത്.

രാഹുൽ ഗാന്ധിയും കർഷകനായ സഞ്ജയിൻ്റെ കുടുംബവും തമ്മിലുള്ള ബന്ധം 2023-ൽ തുടങ്ങിയതാണ്. 2023 ജൂലൈ 8-ന് മദിന ഗ്രാമം സന്ദർശിച്ച രാഹുൽ ഗാന്ധി സഞ്ജയിൻ്റെ പാടത്ത് ഇറങ്ങി നെല്ല് നടുകയും ട്രാക്ടർ ഓടിക്കുകയും ചെയ്തിരുന്നു. ഈ സന്ദർശനത്തിന് പിന്നാലെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേർന്ന് സഞ്ജയിനെയും കുടുംബത്തെയും തങ്ങളുടെ ഡൽഹിയിലെ വസതിയിലേക്ക് ഉച്ചഭക്ഷണത്തിന് ക്ഷണിച്ചിരുന്നു. മകളുടെ വിവാഹത്തിന് രാഹുലിനെ നേരിട്ട് ക്ഷണിക്കാനായി ഫെബ്രുവരി 25-ന് സഞ്ജയിയും ഗ്രാമത്തലവനും ഡൽഹിയിൽ എത്തിയിരുന്നു. ഈ ക്ഷണം സ്വീകരിച്ചാണ് രാഹുൽ ഗാന്ധി എത്തിയത്.

ഏകദേശം ഒരു മണിക്കൂറോളം വിവാഹ ചടങ്ങുകളിൽ പങ്കെടുത്ത രാഹുൽ ഗാന്ധി വധുവിന് വിവാഹസമ്മാനവും നൽകിയാണ് മടങ്ങിയത്. വിവാഹ വേദിയിൽ വിളമ്പിയ ഹരിയാനയിലെ പരമ്പരാഗത മധുരപലഹാരങ്ങളും പാൽ ചേർത്ത 'ചൂർമ'യും കഴിച്ച രാഹുൽ ​ഗാന്ധി ഹരിയാനയിലെ വിവാഹ രീതികളെ കുറിച്ചും കുടുംബത്തോട് ചോദിച്ചറിഞ്ഞു. കോൺഗ്രസ് പ്രവർത്തകരും അദ്ദേഹത്തെ സ്വീകരിക്കാൻ ഗ്രാമത്തിലെത്തിയിരുന്നു.

Similar Posts