< Back
India
Rahul Gandhi Not Following Security Protocol: CRPF
India

'വിദേശയാത്രകളിൽ സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നില്ല'; രാഹുൽ ഗാന്ധിക്ക് കത്തയച്ച് സിആർപിഎഫ്

Web Desk
|
11 Sept 2025 6:46 PM IST

രാഹുൽ സുരക്ഷയെ ഗൗരവമായെടുക്കുന്നില്ലെന്നും ആരെയും അറിയിക്കാതെയാണ് വിദേശയാത്രകൾ നടത്തുന്നതെന്നും സിആർപിഎഫ് വിവിഐപി ചുമതലയുള്ള സുരക്ഷാ തലവൻ സുനിൽ ജൂൺ അയച്ച കത്തിൽ പറയുന്നു

ന്യൂഡൽഹി: വിദേശയാത്രകളിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സുരക്ഷാ ചടങ്ങൾ പാലിക്കുന്നില്ലെന്ന് സിആർപിഎഫ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സിആർപിഎഫ് വിവിഐപി ചുമതലയുള്ള സുരക്ഷാ തലവൻ സുനിൽ ജൂൺ രാഹുൽ ഗാന്ധിക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കും കത്തയച്ചു.

രാഹുൽ സുരക്ഷയെ ഗൗരവമായെടുക്കുന്നില്ലെന്നും ആരെയും അറിയിക്കാതെയാണ് വിദേശയാത്രകൾ നടത്തുന്നതെന്നും കത്തിൽ പറയുന്നു. ഇറ്റലി (ഡിസംബർ 30- ജനുവരി ഒമ്പത്), വിയറ്റ്‌നാം (മാർച്ച് 12-17), ദുബൈ (ഏപ്രിൽ 17-23), ഖത്തർ (ജൂൺ 11-18), ലണ്ടൻ (ജൂൺ 25- ജൂലൈ ആറ്), മലേഷ്യ (സെപ്റ്റംബർ നാല്- എട്ട്) എന്നീ രാജ്യങ്ങളിലെ സന്ദർശനം കത്തിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്.

സിആർപിഎഫിന്റെ യെല്ലോ ബുക്കിൽ പറയുന്ന സുരക്ഷാ ചട്ടങ്ങൾ റായ്ബറേലി എംപി ലംഘിക്കുകയാണെന്നും ഇത്തരം വീഴ്ചകൾ വിവിഐപി സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യക്ഷമതയെ ദുർബലപ്പെടുത്തുമെന്നും രാഹുലിനെ അപകടസാധ്യതകളിലേക്ക് നയിച്ചേക്കാമെന്നും കത്തിൽ പറയുന്നു. വിഷയത്തിൽ രാഹുലോ ഖാർഗെയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

രാഹുൽ ഗാന്ധിക്ക് നിലവിൽ അഡ്വാൻസ്ഡ് സെക്യൂരിറ്റി ലെയ്‌സൺ (എഎസ്എൽ) ഉൾപ്പെടെയുള്ള ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് നൽകുന്നത്. സുരക്ഷാ ഭീഷണിയുള്ള വ്യക്തികൾക്ക് നൽകുന്ന ഏറ്റവും ഉയർന്ന തലത്തിലുള്ള സുരക്ഷയാണ് ഇസഡ് പ്ലസ്. എൻഎസ്ജി കമാൻഡോകൾ ഉൾപ്പെടെ ഏകദേശം 55 ഉദ്യോഗസ്ഥരാണ് രാഹുലിന്റെ സുരക്ഷക്കായി ഉണ്ടാവുക.

എഎസ്എൽ പ്രകാരം സുരക്ഷാ ഉദ്യോഗസ്ഥർ പൊലീസുമാരും രഹസ്യാന്വേഷണ വിഭാഗങ്ങളുമായും ഏകോപിപ്പിച്ച് വിഐപികൾ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ നേരത്തെ തന്നെ നിരീക്ഷണം നടത്തി സുരക്ഷ ഉറപ്പാക്കാറുണ്ട്. രാഹുൽ ഗാന്ധി സുരക്ഷാ ക്രമീകരണങ്ങൾ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സിആർപിഎഫ് നേരത്തെയും കത്ത് നൽകിയിരുന്നു. 2022ൽ നൽകിയ കത്തിൽ 2020 മുതൽ രാഹുൽ 113 തവണ സുരക്ഷാ ക്രമീകരണങ്ങൾ ലംഘിച്ചതായി പറഞ്ഞിരുന്നു.

2019ലാണ് കേന്ദ്ര സർക്കാർ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്പിജി സുരക്ഷ പിൻവലിച്ച് സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തിയത്.

Similar Posts