< Back
India
ഇന്ത്യയുടെ യഥാർഥ പ്രതിസന്ധികൾക്ക് മുന്നിൽ കണ്ണടച്ച ബജറ്റ്: രാഹുൽ ഗാന്ധി
India

'ഇന്ത്യയുടെ യഥാർഥ പ്രതിസന്ധികൾക്ക് മുന്നിൽ കണ്ണടച്ച ബജറ്റ്': രാഹുൽ ഗാന്ധി

Web Desk
|
1 Feb 2026 3:20 PM IST

എല്ലാവരെയും അവഗണിക്കുന്ന ബജറ്റാണ് നടന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി

ന്യൂഡൽഹി: ഇന്ത്യയുടെ യഥാർഥ പ്രതിസന്ധികൾക്ക് മുന്നിൽ കണ്ണടച്ച ബജറ്റാണ് അവതരിപ്പിച്ചതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

തൊഴിലില്ലാത്ത യുവാക്കളെയും മൂലധനം പിൻവലിക്കുന്ന നിക്ഷേപകരെയും അവ​ഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഗാർഹിക സമ്പാദ്യം കുത്തനെ ഇടിയുന്നു. കർഷകർ ദുരിതത്തിലാണ്. എന്നാൽ എല്ലാവരെയും അവഗണിക്കുന്ന ബജറ്റാണ് നടന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

അതേസമയം, കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിര്‍മല സീതാരാമനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രം​ഗത്തെത്തി. അവസരങ്ങളുടെ ഒരു അതിവേഗ പാതയാണ് ബജറ്റ് സൃഷ്ടിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ചരിത്രപരമായ ബജറ്റാണ് അവതരിപ്പിച്ചത്. രാജ്യത്തിന്റെ സ്ത്രീശക്തിയുടെ ശാക്തീകരണ സാന്നിധ്യമാണ് ബജറ്റ് പ്രതിഫലിപ്പിക്കുന്നത്. 2047ഓടെ നടപ്പിലാകുന്ന വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള അടിത്തറയാണ് ഈ വർഷത്തെ ബജറ്റ്. ധനമന്ത്രി ഒരു പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ഇന്ത്യയുടെ ശോഭനമായ ഭാവിയുടെ അടിത്തറ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കി വലിയ പദ്ധതി പ്രഖ്യാപനങ്ങളൊന്നും കേന്ദ്ര ബജറ്റിലുണ്ടായില്ല. എഐ വികസനത്തിനും പഠനത്തിനുമാണ് ഊന്നല്‍. ചെറുകിട വ്യവസായ മേഖലക്ക് പതിനായിരം കോടി രൂപ അനുവദിച്ചു. ഏഴ് റെയിൽ ഇടനാഴിയും 20 ജല ഇടനാഴികളും പ്രഖ്യാപിച്ചു. ധനകമ്മി കുറക്കുമെന്നും രാജ്യം സുസ്ഥിര വളർച്ചയിലെന്നും മന്ത്രി പറഞ്ഞു.

അടിസ്ഥാന സൗകര്യവികസനത്തിനായി പന്ത്രണ്ടര ലക്ഷം കോടി വകയിരുത്തി. ബാങ്കിങ് സെക്ടറിന്‍റെ മേൽനോട്ടത്തിന് വേണ്ടി ഉന്നതതല സമിതി രൂപീകരിക്കും. എഐ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കാൻ കൂടുതൽ നിക്ഷേപമെന്നും സേവന മേഖലയിൽ എഐയുടെ ആഘാതം പഠിക്കുവാൻ പ്രത്യേക സമിതി രൂപീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

കേരളത്തിനും കടുത്ത നിരാശയാണ് ബജറ്റ് സമ്മാനിച്ചത്. വികസന പദ്ധതികളിലൊന്നും സംസ്ഥാനം ഇടംപിടിച്ചില്ല. ആകെ ധാതു ഖനന ഇടനാഴി മാത്രമാണ് ലഭിച്ചത്. കൂടാതെ കടലാമ സംരക്ഷണത്തിനുള്ള പദ്ധതിയുമാണ് കേരളത്തിന് ലഭിച്ചത്.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസും ഇത്തവണ കേരളത്തിന് ലഭിച്ചില്ല. ഏഴ് അതിവേഗ റെയിൽ ഇടനാഴി പ്രഖ്യാപിച്ചപ്പോഴും കേരളത്തെ തഴഞ്ഞു. പൂനെ - മുംബൈ, പൂനെ - ഹൈദരാബാദ്, ബംഗളുരു - ചെന്നൈ, ഹൈദരാബാദ് - ബംഗളൂരു, ഹൈദരാബാദ് - ചെന്നൈ , ഡൽഹി - വാരണാസി, വാരണാസി - സിലിഗുരി റൂട്ടുകളിലാണ് പദ്ധതി നടപ്പാക്കുക. കേരളത്തെ അഗണിച്ചതിൽ സംസ്ഥാനത്ത് നിന്നുള്ള എംപിമാർ പ്രതിഷേധിച്ചു.

Similar Posts