< Back
India
പപ്പാ, നിങ്ങളുടെ ഓർമകളാണ് എന്നെ മുന്നോട്ട് നയിക്കുന്നത്; ചരമദിനത്തിൽ രാജീവ് ഗാന്ധിയെ അനുസ്‌മരിച്ച് രാഹുൽ ഗാന്ധി
India

'പപ്പാ, നിങ്ങളുടെ ഓർമകളാണ് എന്നെ മുന്നോട്ട് നയിക്കുന്നത്'; ചരമദിനത്തിൽ രാജീവ് ഗാന്ധിയെ അനുസ്‌മരിച്ച് രാഹുൽ ഗാന്ധി

Web Desk
|
21 May 2025 11:42 AM IST

1984 ഒക്ടോബറിൽ 40-ാം വയസ്സിൽ അധികാരമേറ്റ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി

ന്യൂഡൽഹി: അന്തരിച്ച പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ 34-ാം ചരമദിനത്തിൽ ഒരു വൈകാരിക കുറിപ്പിലൂടെ അനുസ്മരിച്ച് രാഹുൽ ഗാന്ധി. ദേശീയ തലസ്ഥാനത്തെ വീർ ഭൂമിയിൽ പുഷ്‌പാർച്ചന നടത്തിയ രാഹുൽ പിതാവിൻ്റെ ഓർമകൾ തന്നെ ഓരോ ചുവടുവയ്പ്പിലും നയിക്കുന്നുണ്ടെന്നും അദ്ദേഹം അവശേഷിപ്പിച്ച സ്വപ്‌നങ്ങൾ സാക്ഷാത്‌കരിക്കുമെന്നും പറഞ്ഞു. 'പപ്പാ, നിങ്ങളുടെ ഓർമകളാണ് എന്നെ ഓരോ ചുവടുവയ്പ്പിലും നയിക്കുന്നത്. നിങ്ങളുടെ പൂർത്തീകരിക്കാത്ത സ്വപ്നങ്ങൾ സാക്ഷാത്‌കരിക്കുക എന്നതാണ് എൻ്റെ ദൃഢനിശ്ചയം. ഞാൻ തീർച്ചയായും അവ നിറവേറ്റും.' രാഹുൽ ഗാന്ധി എക്‌സിൽ പങ്കുവെച്ചു.

രാഹുൽ ഗാന്ധിയോടൊപ്പം മുതിർന്ന കോൺഗ്രസ് നേതാക്കളായ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സച്ചിൻ പൈലറ്റ് എന്നിവരും വീർഭൂമി സന്ദർശിച്ചു. 'ഇന്ത്യയുടെ മഹാനായ പുത്രൻ' എന്നാണ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അനുസ്‌മരിച്ചുകൊണ്ട് ഖാർഗെ എക്‌സിൽ കുറിച്ചത്. 21-ാം നൂറ്റാണ്ടിലേക്കുള്ള രാജ്യത്തിൻ്റെ പാത രൂപപ്പെടുത്തുന്നതിൽ അദ്ദേഹത്തിൻ്റെ ദർശനാത്മക പരിഷ്‌കാരങ്ങൾ നിർണായകമായിരുന്നുവെന്നും ഖാർഗെ പറഞ്ഞു. തന്റെ നേതൃത്വത്തിലൂടെ ഇന്ത്യയ്ക്ക് പുരോഗമനപരമായ ദിശാബോധം നൽകിയ ദീർഘവീക്ഷണമുള്ള നേതാവായിരുന്നു രാജീവ് ഗാന്ധിയെന്ന് സച്ചിൻ പൈലറ്റ് വിശേഷിപ്പിച്ചു.

1984ൽ അമ്മയും അന്നത്തെ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടർന്ന് രാജീവ് ഗാന്ധി കോൺഗ്രസിന്റെ ചുമതല ഏറ്റെടുത്തു. 1984 ഒക്ടോബറിൽ 40-ാം വയസ്സിൽ അധികാരമേറ്റ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി. 1989 ഡിസംബർ 2 വരെ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. 1944 ഓഗസ്റ്റ് 20ന് ജനിച്ച രാജീവ് ഗാന്ധി 1991 മെയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ ഒരു തെരെഞ്ഞെടുപ്പ് റാലിക്കിടെ ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈലത്തിന്റെ (എൽടിടിഇ) ചാവേർ ബോംബർ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

Similar Posts