< Back
India
rahul gandhi stopped from parliament speech
India

ലോക്‌സഭയില്‍ വീണ്ടും രാഹുലിൻ്റെ പ്രസംഗം തടഞ്ഞു; പ്രതിഷേധിച്ച എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

Web Desk
|
3 Feb 2026 3:18 PM IST

ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ് എന്നിവരുള്‍പ്പെടെ എട്ട് എംപിമാര്‍ക്കാണ് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വീണ്ടും തടഞ്ഞു. ഇന്ത്യ-ചൈന വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് സ്പീക്കര്‍ പ്രസംഗം തടഞ്ഞത്. സ്പീക്കറുടെ ചെയറിലേക്ക് പേപ്പര്‍ കീറി എറിഞ്ഞ് പ്രതിഷേധിച്ചതിന് പിന്നാലെ ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ് എന്നിവരുള്‍പ്പെടെ എട്ട് പ്രതിപക്ഷ എംപിമാരെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ബഹളത്തിനൊടുവില്‍ സഭ ഇന്നത്തേക്ക് പിരിഞ്ഞു. മണിക്കം ടാഗോര്‍, അമരീന്ദര്‍ സിങ് രാജാ വാറിങ്, ഗുര്‍ദീപ് സിങ് ഓജ്‌ല, പ്രശാന്ത് പഡോലെ, കിരണ്‍ കുമാര്‍ റെഡ്ഡി, എസ്. വെങ്കട്ടരാമന്‍ എന്നിവരാണ് സസ്‌പെന്‍ഷന്‍ ലഭിച്ച മറ്റ് എംപിമാര്‍.

മുന്‍ സൈനിക മേധാവി ജനറല്‍ എം.എം നരവനെയുടെ പുസ്തകത്തിലെ ഭാഗങ്ങള്‍ രാഹുല്‍ ചൂണ്ടിക്കാട്ടിയതോടെ ഭരണപക്ഷം എതിര്‍പ്പുമായി ശബ്ദമുയര്‍ത്തി. ഇതോടെ സ്പീക്കര്‍ പ്രസംഗം തടയുകയായിരുന്നു. നരവനെയുടെ ലേഖനം വായിക്കാന്‍ തനിക്ക് അനുവാദം നല്‍കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. എന്നാല്‍, പറഞ്ഞ കാര്യം രാഹുലിന് ആവര്‍ത്തിക്കാന്‍ പറ്റില്ലെന്ന് കിരണ്‍ റിജിജു പറഞ്ഞു. വിഷയത്തില്‍ ഇന്നലെ തന്നെ സ്പീക്കറുടെ റൂളിങ് ഉണ്ടായിരുന്നതായും റിജിജു പറഞ്ഞു.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുമേല്‍ മറുപടി പറയാനാണ് രാഹുലിന് അനുമതി നല്‍കിയിട്ടുള്ളത് എന്ന് സ്പീക്കര്‍ പറഞ്ഞു. ഒരിക്കല്‍ റൂളിങ് നല്‍കിയാല്‍ ലംഘിക്കരുത്. പ്രതിപക്ഷ നേതാവ് സംസാരിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് അവസരം നല്‍കുമെന്നും സ്പീക്കര്‍ പറഞ്ഞു. സഭ ഭരണപക്ഷത്തിന് സംസാരിക്കാന്‍ മാത്രമുള്ളതാണോയെന്ന് കെ.സി വേണുഗോപാല്‍ ചോദിച്ചു. കിരണ്‍ റിജിജു തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ വേണുഗോപാലിന്റെ മൈക്ക് ഓഫാക്കി.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനം രാജ്യം എങ്ങനെ മുന്നോട്ട് പോകണമെന്ന കാര്യങ്ങളെ കുറിച്ചായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ലോകത്തിന് ഏറ്റവും വലിയ ചര്‍ച്ചാവിഷയം ചൈനയും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷത്തെ കുറിച്ചാണ്. എനിക്ക് ഒരു പ്രസ്താവന നടത്തണം എന്ന് മാത്രമാണ് ആവശ്യപ്പെട്ടത്. ഇന്ത്യയും ചൈനയും തമ്മില്‍ എന്താണ് സംഭവിച്ചു എന്നതിലും, അതില്‍ പ്രധാനമന്ത്രി എന്താണ് പ്രതികരിച്ചത് എന്നുമാണ് തനിക്ക് പറയാനുള്ളത് -രാഹുല്‍ പറഞ്ഞു. ഇതോടെ ഭരണപക്ഷം വീണ്ടും ബഹളംവെക്കുകയും സ്പീക്കര്‍ അടുത്തയാളെ സംസാരിക്കാന്‍ വിളിക്കുകയുമായിരുന്നു.

താന്‍ പ്രതിപക്ഷ നേതാവാണെന്നും സംസാരിക്കുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കാനാകില്ലെന്നും രാഹുല്‍ പറഞ്ഞു. പിന്നാലെ പ്രതിപക്ഷ പ്രതിഷേധം കടുത്തതോടെ ലോക്‌സഭ മൂന്നുമണി വരെ പിരിഞ്ഞു. പിന്നീട് മൂന്ന് മണിക്ക് സഭ ചേര്‍ന്നപ്പോഴാണ് പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചതും സ്പീക്കര്‍ എട്ട് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതും. ബഹളത്തിനൊടുവില്‍ സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

Similar Posts