< Back
India
പാക് ഷെല്ലാക്രമണത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട  22 കുട്ടികളെ  ദത്തെടുത്ത് രാഹുൽ ഗാന്ധി
India

പാക് ഷെല്ലാക്രമണത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട 22 കുട്ടികളെ 'ദത്തെടുത്ത്' രാഹുൽ ഗാന്ധി

Web Desk
|
29 July 2025 11:59 AM IST

പാകിസ്താന്‍റെ അതിർത്തി കടന്നുള്ള ഷെല്ലാക്രമണം ഏറ്റവും കൂടുതൽ ബാധിച്ച പട്ടണങ്ങളിലൊന്നായിരുന്നു പൂഞ്ച്

ശ്രീനഗര്‍: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട 20 കുട്ടികളെ ദത്തെടുക്കുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ ഓപറേഷന്‍ സിന്ദൂറിനിടെ കശ്മീരിലെ പൂഞ്ചില്‍ പാകിസ്താന്‍റെ ഷെല്ലാക്രമണത്തില്‍ മാതാപിതാക്കളെയോ കുടുംബ നാഥനെയോ നഷ്ടപ്പെട്ട 22 കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ രാഹുല്‍ ഗാന്ധി വഹിക്കുമെന്ന് ജമ്മു കശ്മീർ കോൺഗ്രസ് മേധാവി താരിഖ് ഹമീദ് കർറ പറഞ്ഞു. കുട്ടികളുടെ പഠന സഹായത്തിന്റെ ആദ്യ ഗഡു ബുധനാഴ്ച കൈമാറും. ഈ കുട്ടികൾ ബിരുദം പഠനം പൂര്‍ത്തിയാക്കുന്നത് വരെയുള്ള വിദ്യാഭ്യാസ ചെലവുകള്‍ രാഹുല്‍ ഗാന്ധി വഹിക്കുമെന്നും താരിഖ് ഹമീദ് കർറ പറഞ്ഞു.

കഴിഞ്ഞ മേയില്‍ പൂഞ്ചിലെത്തിയ രാഹുല്‍ ഗാന്ധി വിദ്യാഭ്യാസ സഹായത്തിന് അര്‍ഹരായ കുട്ടികളുടെ പട്ടിക തയ്യാറാക്കാനായി പ്രാദേശിക പാർട്ടി നേതാക്കളോട് പറഞ്ഞിരുന്നു. സര്‍വേ നടത്തി,സര്‍ക്കാര്‍ രേഖകള്‍ പരിശോധിച്ച ശേഷമാണ് കുട്ടികളുടെ അന്തിമ പട്ടിക തയ്യാറാക്കിയത്.

പാക് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇരട്ടകളായ ഉർബ ഫാത്തിമയും സെയ്ൻ അലിയും ഉൾപ്പെടെയുള്ള വിദ്യാർഥികള്‍ കൊല്ലപ്പെട്ട ക്രൈസ്റ്റ് പബ്ലിക് സ്കൂളും രാഹുല്‍ ഗാന്ധി സന്ദർശിച്ചിരുന്നു. അവിടെയുള്ള കുട്ടികളുമായി രാഹുല്‍ഗാന്ധി സംവദിച്ചിരുന്നു. 'നിങ്ങളുടെ കൊച്ചുസുഹൃത്തുക്കളെ നിങ്ങള്‍ മിസ് ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം..പക്ഷേ സാരമില്ല. എല്ലാം സാധാരണനിലയിലേക്ക് മടങ്ങും. ഇത്തരത്തിലുള്ള സംഭവങ്ങളോട് പ്രതികരണമെന്ന നിലയില്‍ നിങ്ങള്‍ നന്നായി പഠിക്കുക,കളിക്കുക,സ്കൂളില്‍ ധാരാളം സുഹൃത്തുക്കളെ ഉണ്ടാക്കുക എന്നതായിരിക്കണം'..രാഹുല്‍ കുട്ടികളോട് അന്ന് പറഞ്ഞു.

പാകിസ്താന്‍റെ അതിർത്തി കടന്നുള്ള ഷെല്ലാക്രമണം ഏറ്റവും കൂടുതൽ ബാധിച്ച പട്ടണങ്ങളിലൊന്നായിരുന്നു പൂഞ്ച്. സിയാ ഉൽ ആലൂം എന്ന മതപാഠശാലയ്ക്ക് നേരെയുണ്ടായ ഷെല്ലാക്രമണത്തിൽ ആറ് കുട്ടികൾക്ക് പരിക്കേറ്റിരുന്നു.

Similar Posts