< Back
India
രാഷ്ട്രീയ ലക്ഷ്യങ്ങളില്ല; കാല്‍നടയായി ജമ്മു വൈഷ്ണോ ദേവി ക്ഷേത്രം സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി
India

"രാഷ്ട്രീയ ലക്ഷ്യങ്ങളില്ല"; കാല്‍നടയായി ജമ്മു വൈഷ്ണോ ദേവി ക്ഷേത്രം സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

Web Desk
|
9 Sept 2021 10:03 PM IST

ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനും മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നു.

രണ്ടു ദിവസത്തെ ജമ്മു സന്ദര്‍ശത്തിനെത്തിയ രാഹുല്‍ ഗാന്ധി പ്രസിദ്ധമായ വൈഷ്‌ണോ ദേവി ക്ഷേത്രം സന്ദര്‍ശിച്ചു. പതിനാലു കിലോമീറ്റര്‍ കാല്‍നടയായി കൊണ്ടാണ് രാഹുല്‍ ഗാന്ധി ക്ഷേത്രത്തിലെത്തിയത്. ക്ഷേത്ര സന്ദര്‍ശനത്തിനിടെ, രാഷ്ട്രീയം പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

അതീവ സുരക്ഷാ അകമ്പടിയോടെയാണ് രാഹുല്‍ ഗാന്ധി ക്ഷേത്ര സന്ദര്‍ശനം നടത്തിയത്. ക്ഷേത്ര വഴിയിലുടനീളം പതാകയുമേന്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് അഭിവാദ്യമര്‍പ്പിക്കാനെത്തിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും, പ്രാര്‍ഥിക്കാന്‍ എത്തിയതാണെന്നുമാണ് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞത്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനും മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നു. തീര്‍ഥാടകരുമായി രാഹുല്‍ ഗാന്ധി വിശേഷങ്ങള്‍ പങ്കുവെക്കുന്ന വീഡിയോ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

വൈഷ്‌ണോ ദേവി ക്ഷേത്രം സന്ദര്‍ശിക്കുകയെന്നുള്ളത് രാഹുല്‍ ഗാന്ധിയുടെ നീണ്ട വര്‍ഷത്തെ ആഗ്രമായിരുന്നുവെന്ന് ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗുലാം അഹ്മദ് മിര്‍ പറഞ്ഞു. രാഷ്ട്രീയ സാഹചര്യങ്ങളാല്‍ ക്ഷേത്ര സന്ദര്‍ശനം നീണ്ടു പോവുകയായിരുന്നു. സന്ദര്‍ശനത്തിനിടെ മറ്റു രാഷ്ട്രീയ പരിപാടികളൊന്നും ആവിഷകരിച്ചിട്ടില്ലെന്നും അഹമദ് മിര്‍ പറഞ്ഞു. സംസ്ഥാന വിഭജനാനന്തരം ജമ്മു കശ്മീരിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ രണ്ടാം സന്ദര്‍ശനമാണിത്.

Similar Posts