< Back
India
ഹരിയാനയിൽ കർഷകർക്കൊപ്പം ഞാറ് നട്ടും ട്രാക്ടർ ഓടിച്ചും രാഹുൽ ​ഗാന്ധി
India

ഹരിയാനയിൽ കർഷകർക്കൊപ്പം ഞാറ് നട്ടും ട്രാക്ടർ ഓടിച്ചും രാഹുൽ ​ഗാന്ധി

Web Desk
|
8 July 2023 9:40 PM IST

ഷിംലയിലേക്കുള്ള യാത്രയ്ക്കിടെ വഴിയരികിൽ കൃഷിയിറക്കുന്ന കർഷകരുടെ ഇടയിലേക്ക് ഇറങ്ങുകയായിരുന്നു.

ഹരിയാനയിൽ കർഷകർക്കൊപ്പം വയലിലിറങ്ങി ഞാറ് നട്ടും ട്രാക്ടർ ഓടിച്ചും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഷിംലയിലേക്കുള്ള യാത്രയ്ക്കിടെ വഴിയരികിൽ കൃഷിയിറക്കുന്ന കർഷകരുടെ ഇടയിലേക്ക് ഇറങ്ങുകയായിരുന്നു. പാനിപ്പത്തിലെ മദിന ഗ്രാമത്തിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. കർഷകരുമായി സംസാരിച്ച രാഹുൽ അവരുടെ പ്രശ്നങ്ങളും ചോദിച്ചറിഞ്ഞു. ഇതിനിടെയാണ് ട്രാക്ടർ ഓടിച്ചു പരീക്ഷണം നടത്തിയത്.

‘‘പാടത്ത് പണിയെടുത്തിരുന്ന തൊഴിലാളികൾക്ക് ആദ്യം രാഹുൽ ഗാന്ധിയെ മനസ്സിലായില്ല. അദ്ദേഹം ഏതാനും ആളുകൾക്കൊപ്പം കൃഷിയിടത്തിലേക്ക് നടന്നുവന്നപ്പോൾ വളരെയധികം സന്തോഷം തോന്നി. ഞങ്ങൾ അദ്ദേഹത്തിനും ഒപ്പമുണ്ടായിരുന്നവർക്കും ഭക്ഷണം നൽകി. അദ്ദേഹം ഞങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. ഞങ്ങളുടെ ട്രാക്ടറും ഓടിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്’– മദിന ഗ്രാമത്തിൽ നിന്നുള്ള കർഷകൻ സഞ്ജയ് കുമാർ പറഞ്ഞു.

എന്നാൽ, രാഹുൽ ഗാന്ധി കർഷകരെ സന്ദർശിച്ചതിനെ പരിഹസിച്ച് ഹരിയാന കൃഷിമന്ത്രി ജെ.പി.ദലാൽ രംഗത്തെത്തി.

‘‘നല്ല കാലാവസ്ഥയിൽ ഫോട്ടോയെടുക്കുന്നതിനു പകരം, 45 ഡിഗ്രി സെൽഷ്യസ് ചൂടുള്ള ഒരു ദിവസം നട്ടുച്ചയ്ക്ക് ഒരു മണിക്കൂർ ജോലി ചെയ്തിരുന്നെങ്കിൽ യഥാർത്ഥ കഠിനാധ്വാനം എന്താണെന്ന് കോൺഗ്രസിന്റെ രാജകുമാരന് മനസ്സിലാക്കാമായിരുന്നു. ആ 45 ഡിഗ്രി ചൂടിൽ ജോലി ചെയ്തിരുന്നെങ്കിൽ, അദ്ദേഹത്തിന് ഷിംലയിലേക്കു പോകേണ്ടി വരുമായിരുന്നില്ല. ഇവിടെ ഒരു മരത്തിന്റെ ചുവട്ടിൽത്തന്നെ അദ്ദേഹത്തിനു വേണ്ടത് കിട്ടുമായിരുന്നു’– മന്ത്രി ട്വീറ്റ് ചെയ്തു.

ഇതിന് മുമ്പും ഇത്തരത്തിൽ ജനങ്ങളിലേക്ക് രാഹുൽ ഇറങ്ങിച്ചെന്ന ചിത്രങ്ങൾ വെെറലായിരുന്നു. ലോറി ഡ്രൈവർമാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ലോറിയിൽ സഞ്ചരിക്കുന്ന, ഡൽഹിയിലെ കരോൾബാഗിലെ മെക്കാനിക് കടയിൽ ചെന്ന് തൊഴിലാളികളുടെ പ്രശ്നങ്ങൾ കേട്ടറിഞ്ഞ്, അവർക്കൊപ്പം വാഹനങ്ങൾ റിപ്പയർ ചെയ്യാൻ ഒന്നിച്ച് ചേർന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

Similar Posts