< Back
India
TRAIN IRCTC

Photo|Special Arrangement

India

പൊന്നിന് പൊന്നുംവില, ട്രെയിൻ യാത്രയിൽ സ്വർണം വേണ്ട; നിർദേശവുമായി റെയിൽവെ

Web Desk
|
16 Oct 2025 8:01 PM IST

ഉത്സവ സീസണുകളിൽ സ്‌റ്റേഷനുകൾ സാമൂഹിക വിരുദ്ധരുടെ താവളമാകാനുള്ള സാധ്യത കണക്കിലെടുത്ത് യാത്രക്കാരോട് മുൻകരുതലുകളെടുക്കാനും നിർദേശം

ചെന്നൈ: തീവണ്ടിയിൽ സ്വർണക്കവർച്ചക്കാരെ ശ്രദ്ധിക്കണമെന്ന് മുന്നറയിപ്പുമായി റെയിൽവെ. ഇതുസംബന്ധിച്ച് റെയിൽവെ പോസ്റ്ററും ബോധവത്കരണ വീഡിയോയുമിറക്കിട്ടുണ്ട്. യാത്രയിൽ സ്വർണം ധരിക്കുന്നത് ഒഴിവാക്കണമെന്നാണ് സുരക്ഷാ വിഭാഗത്തിന്റെ നിർദേശം. സ്വർണമെന്ന് തെറ്റിധരിപ്പിക്കുന്ന ആഭരണങ്ങളും കവർച്ചക്കാരെ മോഹിപ്പിക്കുമെന്നും ഇത് അപകടം വരുത്തിയേക്കാമെന്നും റെയിൽവെ വ്യക്തമാക്കുന്നു.

അതേസമയം, ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി ട്രെയിൻ യാത്രക്കാർക്ക് ബോധവത്കരണ കാമ്പയിൻ നടത്തി റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്‌സ്(ആർപിഎഫ്). തമിഴ്‌നാട് ഈറോഡ് റെയിൽവെ ആർപിഎഫാണ് ചൊവ്വാഴ്ച കാമ്പയിൻ സംഘടിപ്പിച്ചത്. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ പടക്കങ്ങൾ കൈയിൽ കരുതുന്നതിലുള്ള നിയമപരമായ നിബന്ധനകൾ, പിഴ, ഉണ്ടായേക്കാവുന്ന അപകടം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് യാത്രക്കാരെ ബോധവാന്മാരാക്കുകയായിരുന്നു കാമ്പയിന്റെ ലക്ഷ്യം.

സേലം ആർപിഎഫ് ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ സൗരവ് കുമാറിന്റെ നിർദേശ പ്രകാരം ഇൻസ്‌പെക്ടർ മണിമാരനും സംഘവുമാണ് കാമ്പയിന് നേതൃത്വം നൽകിയത്. റെയിൽവെയുടെ സുരക്ഷാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ യാത്രക്കാരുടെ കൈവശമുണ്ടായിരുന്ന ബാഗുകളിൽ പരിശോധനയും നടത്തി.

ഉത്സവ സീസണുകളിൽ സ്‌റ്റേഷനുകൾ സാമൂഹിക വിരുദ്ധരുടെ താവളമാകാനുള്ള സാധ്യത കണക്കിലെടുത്ത് യാത്രക്കാരോട് മുൻകരുതലുകളെടുക്കാനും നിർദേശം നൽകി. മൊബൈൽ, ലാപ്‌ടോപ്, തുടങ്ങിയ വിലകൂടിയ വസ്തുക്കൾ കൈയിലുള്ളവർ ശ്രദ്ധ പുലർത്തണം, ട്രെയിനിന്റെ ജനലുകളും വാതിലുകളും അടച്ചിടാൻ ശ്രമിക്കണം, വാതിൽപ്പടിയിൽ നിൽക്കരുത്, സ്വർണാഭരണങ്ങൾ ശ്രദ്ധയാകർഷിക്കുന്ന രീതിയിൽ ധരിക്കുന്നത് ഒഴിവാക്കണം, ജനറൽ കംപാർട്‌മെന്റിൽ യാത്ര ചെയ്യുന്നവർ സ്ലീപ്പർ, എസ് കോച്ചുകളിൽ കയറരുത് തുടങ്ങിയ നിർദേശങ്ങൾ യാത്രക്കാർക്ക് നൽകി. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട നിയമപരമായ നിബന്ധനകൾ, മുൻ കരുതലുകൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ബോധവത്കരണം നൽകുന്നതിനായിരുന്നു കാമ്പയിൻ

Similar Posts