
ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ്: ആറുമാസത്തിനിടെ 1698 കേസുകൾ; 665 പേർ പിടിയിൽ
|ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്ന് റെയിൽവേ
ന്യൂഡൽഹി: ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് റെയിൽവേ മന്ത്രാലയം. കഴിഞ്ഞ വർഷം ജൂലൈ മുതൽ ഡിസംബർ വരെ 1698 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ട്രെയിനിന് കല്ലെറിഞ്ഞ 665 പേർ പിടിയിലായിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്യുന്ന ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്ന് റെയിൽവേ അറിയിച്ചു.
ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്ന സംഭവങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത് നോർത്തേൺ റെയിൽവേയിലാണ്. 363 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈസ്റ്റേൺ റെയിൽവേയാണ് തൊട്ടു പിന്നിൽ. 219 കേസുകളാണ് ഈസ്റ്റേൺ റെയിൽവേയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സൗത്ത് സെൻട്രൽ റെയിൽവേയിൽ 140 കേസുകളും, സതേൺ റെയിൽവേയിൽ 108 കേസുകളും ഈ കാലയളവിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ് തടയാനായി ആർപിഎഫിന്റെ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്നും നിരന്തരമായി നടക്കുന്ന പ്രദേശങ്ങൽ ഹോട്ട്‌സ്‌പോട്ടായി പരിഗണിച്ച് നിരീക്ഷണം ഊർജിതമാക്കുമെന്നും റെയിൽവേ അറിയിച്ചു. 'കല്ലേറ് നടത്തുന്നവർ യാത്രക്കാരുടെ ജീവനാണ് അപകടത്തിലാക്കുന്നത്. കുറ്റവാളികളെ കണ്ടെത്താൻ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിക്കും. ട്രെയിൻ യാത്ര സുരക്ഷിതമാക്കാൻ പൊതുജനങ്ങൾ സഹകരിക്കണം.' - റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ടു.