< Back
India
വിള ഇൻഷുറൻസ് തുക ലഭിച്ചില്ല; 500 രൂപയുടെ കറൻസി നോട്ടുകൾ പാടത്ത് നട്ട് കര്‍ഷകന്‍റെ പ്രതിഷേധം, വീഡിയോ
India

വിള ഇൻഷുറൻസ് തുക ലഭിച്ചില്ല; 500 രൂപയുടെ കറൻസി നോട്ടുകൾ പാടത്ത് നട്ട് കര്‍ഷകന്‍റെ പ്രതിഷേധം, വീഡിയോ

Web Desk
|
28 Nov 2025 7:43 AM IST

കർഷകൻ തന്നെ റെക്കോർഡ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്

ജയ്‍പൂര്‍: വിള ഇൻഷുറൻസ് തുക നിഷേധിച്ചതിൽ പ്രതിഷേധിച്ച് വ്യത്യസ്ത പ്രതിഷേധവുമായി രാജസ്ഥാനിലെ കര്‍ഷകൻ. പാടത്ത് 500 രൂപയുടെ കറൻസി നോട്ടുകൾ നട്ടായിരുന്നു നൗഗാര്‍ ജില്ലയിലെ കര്‍ഷകന്‍റെ പ്രതിഷേധം. കർഷകൻ തന്നെ റെക്കോർഡ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ദിയോറിയ ജാതൻ ഗ്രാമത്തിലെ താമസക്കാരനായ മല്ലറാം ബവാരി പരുത്തിക്കൃഷി ചെയ്യുന്നതിനായി ഒരു ബാങ്കിൽ നിന്ന് ഒരു ലക്ഷം രൂപ വായ്പ എടുത്തിരുന്നു. എന്നാൽ കനത്ത മഴ പെയ്തതിനാൽ പാടത്ത് വെള്ളം കയറി കൃഷി നശിച്ചുപോയി. ആകെ 4,000 രൂപയുടെ വിളവ് മാത്രമാണ് ലഭിച്ചത്.

വിളകൾ ഇൻഷുർ ചെയ്തിരുന്നിട്ടും നഷ്ടപരിഹാരം കിട്ടിയില്ലെന്ന് ബാവരി പറയുന്നു. ഇൻഷുറൻസ് കമ്പനിയുടെ ടോൾ ഫ്രീ നമ്പറിൽ പരാതി നൽകിയിട്ടും കൃഷി നശിച്ചത് പരിശോധിക്കാൻ ആരും എത്തിയില്ല. ഇതിൽ നിരാശനായാണ്, ബാവരി നശിച്ചുപോയ വിളകൾക്ക് പകരം പാടത്ത് 500 രൂപയുടെ കറൻസി നോട്ടുകൾ നട്ടത്. വിള ഇൻഷുര്‍ ചെയ്തിട്ടും നഷ്ടപരിഹാരം നൽകിയില്ലെന്ന് ബവാരി പരാതിപ്പെടുന്നു.

ഇൻഷുറൻസ് കമ്പനിയുടെ ടോൾ ഫ്രീ നമ്പറിൽ പരാതി നൽകിയെങ്കിലും ഒരു ഉദ്യോഗസ്ഥനും തന്‍റെ കൃഷിയിടം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തിയില്ലെന്നും ആരോപിക്കുന്നു. ഇതിൽ പ്രകോപിതനായ ബവാരി വിള നാശം സംഭവിച്ച പാടത്ത് പ്രതീകാത്മകമായി 500 രൂപ നട്ട് പ്രതിഷേധിക്കുകയായിരുന്നു.

Similar Posts