< Back
India
മറ്റൊരു ബന്ധമുണ്ടെന്ന സംശയം; ഭാര്യയെ നഗ്നയാക്കി ബൈക്കില്‍ നാടുചുറ്റി യുവാവ്
India

മറ്റൊരു ബന്ധമുണ്ടെന്ന സംശയം; ഭാര്യയെ നഗ്നയാക്കി ബൈക്കില്‍ നാടുചുറ്റി യുവാവ്

Web Desk
|
2 Sept 2023 11:56 AM IST

കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്

ജയ്പൂർ: പരപുരുഷ ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭാര്യയെ നഗ്നയായി നടത്തിച്ച് യുവാവ്. രാജസ്ഥാനിലെ പ്രതാപ്ഗഢ് ജില്ലയിൽ 21കാരിയായ ആദിവാസി യുവതിയാണ് അതിക്രമത്തിന് ഇരയായത്. ഇതിന്‍റെ ഞെട്ടിക്കുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. വസ്ത്രമഴിക്കുന്നതിനിടെ യുവതി സഹായത്തിനായി നിലവിളിക്കുന്നതും അതു ചെവിക്കൊള്ളാതെ യുവാവ് അതിക്രമം തുടരുന്നതും വീഡിയോയില്‍ കാണാം.

മറ്റൊരാളുമായി ബന്ധമുണ്ടെന്ന ആരോപണത്തിലാണ് യുവതി അതിക്രമത്തിന് ഇരയായതെന്ന് പൊലീസും സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പത്തു പേരെ പൊലീസ് പ്രതി ചേര്‍ത്തു. പ്രതികളിൽ ചിലർക്ക് പ്രായപൂർത്തിയായിട്ടില്ല.

യുവതി തന്നെയാണ് ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകിയത്. നിർബന്ധിച്ച് നഗ്നയാക്കി മോട്ടോർ സൈക്കളിൽ കയറ്റി പരേഡ് നടത്തി എന്നാണ് ഇവരുടെ പരാതിയിൽ പറയുന്നത്.

സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ട്വീറ്റ് ചെയ്തു. വിഷയത്തിൽ ഡിജിപിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം പ്രവൃത്തികൾക്ക് പരിഷ്‌കൃത സമൂഹത്തിൽ സ്ഥാനമില്ല. ഇത്തരം ക്രിമിനലുകളെ അതിവേഗ കോടതികൾ സ്ഥാപിച്ച് ജയിലിലടയ്ക്കും- അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സംസ്ഥാനത്തെ വനിതാ സുരക്ഷ സമ്പൂർണമായി അവഗണിക്കപ്പെട്ട സ്ഥിതിയിലാണെന്ന് ബിജെപി ആരോപിച്ചു.


Similar Posts