
പ്രദ്യുമ്‌നൻ ദീക്ഷിതും ഭാര്യ പൂനം ദീക്ഷിതും Photo| NDTV
ജോലിക്ക് പോകാറില്ല, ശമ്പളം 37.54 ലക്ഷം രൂപ; രാജസ്ഥാനിൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ ഭാര്യക്ക് മാസപ്പടിയും വ്യാജ ജോലിയും, ഒടുവിൽ പിടിയിൽ
|ഒരു പരാതിക്കാരൻ രാജസ്ഥാൻ ഹൈക്കോടതിയിൽ നൽകിയ ഹരജിയെ തുടര്‍ന്നാണ് വലിയൊരു അഴിമതിയുടെ കഥ പുറത്തുവരുന്നത്
ജയ്‌പൂർ: ജോലിക്ക് പോകാതെ രണ്ട് വര്‍ഷത്തിനുള്ളിൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ ഭാര്യ ശമ്പളമായി കൈപ്പറ്റിയത് 37.54 ലക്ഷം രൂപ. രാജസ്ഥാൻ സർക്കാരിന് കീഴിലുള്ള രാജ്കോംപ് ഇന്‍ഫോ സർവീസസിലെ ജോയിന്റ് ഡയറക്ടറായ പ്രദ്യുമ്‌നൻ ദീക്ഷിതിന്റെ ഭാര്യയായ പൂനം ദീക്ഷിതാണ് ഒരു ജോലിക്കും പോകാതെ മാസ ശമ്പളം വാങ്ങിയത്.
ഒരു പരാതിക്കാരൻ രാജസ്ഥാൻ ഹൈക്കോടതിയിൽ നൽകിയ ഹരജിയെ തുടര്‍ന്നാണ് വലിയൊരു അഴിമതിയുടെ കഥ പുറത്തുവരുന്നത്. സ്വകാര്യ കമ്പനികൾക്ക് അനധികൃതമായി സർക്കാർ ടെൻഡറുകൾ നേടിക്കൊടുത്തതിന് പകരമായി ഭാര്യയ്ക്ക് വ്യാജ ജോലി നൽകി പണം കൈപ്പറ്റിയെന്നാണ് പ്രദ്യുമ്‌നൻ ദീക്ഷിതിനെതിരെ ഉയർന്നിരിക്കുന്ന ആരോപണം.
സർക്കാർ ടെൻഡർ ലഭിക്കുന്നതിന് പകരമായി ഒറിയോൺപ്രോ സൊല്യൂഷൻസ്, ട്രീജെൻ സോഫ്റ്റ്‌വെയർ ലിമിറ്റഡ് എന്നീ സ്വകാര്യ കമ്പനികളുടെ ജീവനക്കാരിയായി പൂനത്തിനെ വ്യാജമായി നിയമിക്കുകയായിരുന്നു. പ്രദ്യുമൻ ദീക്ഷിത് ഈ കമ്പനികളോട് തൻ്റെ ഭാര്യക്ക് മാസം തോറും ശമ്പളം നൽകാനും നിർദേശിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കഴിഞ്ഞ വർഷം സെപ്റ്റംബർ ആറിന് അഴിമതി വിരുദ്ധ ബ്യൂറോ (ACB) ഈ വർഷം ജൂലൈ മൂന്നിന് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
2019 ജനുവരി മുതൽ 2020 സെപ്റ്റംബർ വരെ പൂനം ദീക്ഷിതിന്റെ അഞ്ച് സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഓറിയോൺപ്രോ സൊല്യൂഷനും ട്രീജൻ സോഫ്റ്റ്‌വെയർ ലിമിറ്റഡും പണം കൈമാറിയതായി എസിബി അന്വേഷണത്തിൽ കണ്ടെത്തി. ആകെ 37,54,405 രൂപയാണ് ശമ്പളമായി വാങ്ങിയത്. ഈ കാലയളവിൽ പൂനം ഈ ഓഫീസുകളുടെ പടി പോലും കണ്ടിട്ടില്ല.
പൂനം ദീക്ഷിതിൻ്റെ വ്യാജ ഹാജർ റിപ്പോർട്ടുകൾക്ക് അംഗീകാരം നൽകിയത് ഭർത്താവായ പ്രദ്യുമൻ ദീക്ഷിത് തന്നെയാണ്. പൂനം ദീക്ഷിത് ഒരേ സമയം രണ്ട് കമ്പനികളിൽ നിന്ന് ശമ്പളം കൈപ്പറ്റുകയായിരുന്നു. ഒറിയോൺപ്രോ സൊല്യൂഷൻസിൽ വ്യാജമായി ജോലി ചെയ്യുന്നതിനിടയിൽ, ട്രീജെൻ സോഫ്റ്റ്‌വെയർ ലിമിറ്റഡിൽ നിന്ന് 'ഫ്രീലാൻസിംഗ്' എന്ന പേരിലും അവർക്ക് പണം ലഭിച്ചു. ഈ കാലയളവിൽ രണ്ട് കമ്പനികൾക്കും സർക്കാർ ടെൻഡറുകൾ ലഭിക്കുകയും ചെയ്തിരുന്നു.