< Back
India
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 20 കസ്റ്റഡി മരണങ്ങൾ; കണക്കുകള്‍ പുറത്ത് വിട്ട് രാജസ്ഥാന്‍ സര്‍ക്കാര്‍
India

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 20 കസ്റ്റഡി മരണങ്ങൾ; കണക്കുകള്‍ പുറത്ത് വിട്ട് രാജസ്ഥാന്‍ സര്‍ക്കാര്‍

Web Desk
|
7 Sept 2025 1:36 PM IST

രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഒരാൾ കിണറ്റിൽ വീണ് മരിച്ചെന്നും റിപ്പോര്‍ട്ട്

ജയ്പൂര്‍: കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ രാജസ്ഥാനില്‍ 20 കസ്റ്റഡി മരണങ്ങൾ നടന്നതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട്. 2023 ആഗസ്റ്റിനും 2025 ആഗസ്റ്റിനും ഇടയിൽ നടന്ന മരണങ്ങളില്‍ ആറെണ്ണം ആത്മഹത്യകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോൺഗ്രസ് എംഎൽഎ റഫീഖ് ഖാന്റെ ചോദ്യത്തിന് മറുപടിയായി സംസ്ഥാന നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ 12 മരണങ്ങൾ ഹൃദയാഘാതമടക്കമുള്ള ആരോഗ്യപ്രശ്നങ്ങള്‍ മൂലമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ആറ് തടവുകാർ ആത്മഹത്യ ചെയ്തതിനു പുറമേ, രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഒരാൾ കിണറ്റിൽ വീണും മരിച്ചിരുന്നു.ഒരാളുടെ മരണകാരണത്തില്‍ ഇനിയും വ്യക്തതയില്ല.

20 കസ്റ്റഡി മരണങ്ങളില്‍ 13 എണ്ണത്തിന്‍റെ അന്വേഷണങ്ങൾ ഇപ്പോഴും പൂർത്തിയായിട്ടില്ല. ഇതുവരെ പൂർത്തിയാക്കിയ ഏഴ് അന്വേഷണങ്ങളിലും പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് തെറ്റ് കണ്ടെത്തിയിട്ടില്ലെന്നും മരണങ്ങൾ സ്വാഭാവികമോ ആത്മഹത്യയോ ആയി രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ചില കേസുകളിൽ പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. കസ്റ്റഡിയിൽ വെച്ച് തടവുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജയ്പൂരിലെ ഒരു എസ്എച്ച്ഒയെയും മൂന്ന് കോൺസ്റ്റബിൾമാരെയും സ്ഥലം മാറ്റുകയും, ശ്രീഗംഗനഗറിലെ ഒരു കോൺസ്റ്റബിളിന് ഒരു വർഷത്തേക്ക് ഇൻക്രിമെന്റ് നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. ബാരനിൽ ഒരു എസ്ഐയെ സസ്‌പെൻഡ് ചെയ്യുകയും ബീവാറിലെയും ദൗസയിലെയും കോൺസ്റ്റബിൾമാർക്ക് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. പൊലീസിന്‍റെ അശ്രദ്ധമൂലം നടന്ന മരണങ്ങളിലും പൊലീസുകാരെ സ്ഥലം മാറ്റുകയോ വകുപ്പ് തല നോട്ടീസുകള്‍ നല്‍കുകയോ ചെയ്തിട്ടുണ്ടെന്നും സര്‍ക്കാറിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിവാറിലെ ജൈതരനിൽ മേയിലെ കൊടും വേനലിൽ ഒരു തടവുകാരൻ പുതപ്പ് ഉപയോഗിച്ച് ആത്മഹത്യ ചെയ്തെന്ന സംഭവം ഏറെ വിവാദമായിരുന്നു.

2025ൽ 11 കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്‌തെന്ന മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സുപ്രിംകോടതി കഴിഞ്ഞദിവസം സ്വമേധയാ പൊതുതാൽപര്യ ഹരജി ഫയൽ ചെയ്തിരുന്നു. പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ ഇല്ലാത്തതിലും കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് നിർബന്ധമാക്കണമെന്ന മുൻ നിർദ്ദേശം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്ന് കോടതി അറിയിച്ചിരുന്നു. ദൈനിക് ഭാസ്‌കർ പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് എടുത്തത്. ഇതിന് പിന്നാലെയാണ് രാജസ്ഥാനിലെ കസ്റ്റഡി മരണങ്ങളുടെ കണക്കുകള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടത്.

Similar Posts