< Back
India
5 Rajdhani Express Coaches Derail 7 Elephants Killed After Collision In Assam
India

ആനക്കൂട്ടം ട്രെയിനിടിലിച്ച് ഏഴ് ആനകൾക്ക് ദാരുണാന്ത്യം; പാളം തെറ്റി രാജധാനി എക്സ്പ്രസ്

Web Desk
|
20 Dec 2025 11:55 AM IST

കൂട്ടിയിടിയെ തുടർന്ന് ആനകളുടെ മൃതദേഹാവശിഷ്ടങ്ങൾ പാളങ്ങളിൽ ചിതറിക്കിടക്കുകയാണ്.

​ഗുവാഹത്തി: അസമിൽ ട്രെയിനുമായി കൂട്ടിയിടിച്ച് ഏഴ് ആനകൾക്ക് ദാരുണാന്ത്യം. ഒരു ആനക്കുട്ടിക്ക് പരിക്കേറ്റു. അസമിലെ ഹൊജായിയിൽ ശനിയാഴ്ച പുലർച്ചെ 2.17ഓടെയാണ് അപകടം. സൈരംഗ്- ന്യൂഡൽഹി രാജധാനി എക്സ്പ്രസിലാണ് ആനകൾ ഇടിച്ചത്. അപകടത്തെ തുടർന്ന് ട്രെയിൻ പാളം തെറ്റുകയും ​റെയിൽ ​ഗതാ​ഗതം തടസപ്പെടുകയും ചെയ്തു.

ആനക്കൂട്ടം ഇടിച്ചതിനെ തുടർന്ന് ട്രെയിനിന്റെ ലോക്കോമോട്ടീവും അഞ്ച് കോച്ചുകളുമാണ് പാളം തെറ്റിയത്. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ​ഗുവാഹത്തിയിൽ നിന്ന് 126 കി.മീ അകലെയാണ് അപകടമുണ്ടായത്.

മിസോറമിലെ സായ്രം​ഗിൽ നിന്നും ‍ഡൽഹിയിലെ അനന്ദ് വിഹാറിലേക്കുള്ള ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിനു പിന്നാലെ റെയിൽവേ ​ഗുവാഹത്തി സ്റ്റേഷനിൽ ഹെൽപ്പ്ലൈൻ തുറന്നിട്ടുണ്ട്. 0361-2731621, 0361-2731622, 0361-2731623 എന്നിവയാണ് ഹെൽപ്പ്ലൈൻ നമ്പരുകൾ.

കൂട്ടിയിടിയെ തുടർന്ന് ആനകളുടെ മൃതദേഹാവശിഷ്ടങ്ങൾ പാളങ്ങളിൽ ചിതറിക്കിടക്കുകയാണ്. ഉത്തര അസമിലേക്കും മറ്റ് ഭാ​ഗങ്ങളിലേക്കുമുള്ള ട്രെയിൻ ​ഗതാ​ഗതത്തെ അപകടം സാരമായി ബാധിച്ചു. പാളം തെറ്റിയ കോച്ചുകളിലെ യാത്രക്കാരെ മറ്റ് കോച്ചുകളിലേക്ക് മാറ്റി. ട്രെയിൻ ​ഗുവാഹത്തിയിലെത്തിയ ശേഷം എല്ലാവരെയും ഉൾക്കൊള്ളാനായി കൂടുതൽ കോച്ചുകൾ ഘടിപ്പിച്ച് യാത്ര പുനരാരംഭിക്കും.

പാളത്തിൽ ആനക്കൂട്ടം നിൽക്കുന്നത് കണ്ട ലോക്കോ പൈലറ്റ് സഡൻ ബ്രേക്കിട്ടെങ്കിലും അവ ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കഴിഞ്ഞ മാസം 30ന് പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ ട്രെയിനിടിച്ച് ഒരു ആന കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തുടനീളം ട്രെയിനിടിച്ച് 79 ആനകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പരിസ്ഥിതി മന്ത്രാലയം ആഗസ്റ്റിൽ പാർലമെന്റിനെ അറിയിച്ചിരുന്നു.

Similar Posts