< Back
India
Ram Mandir is useless Says SP Leader become controversy
India

രാമക്ഷേത്രം കൊണ്ട് ഒരുപയോഗവുമില്ലെന്ന് എസ്.പി നേതാവ്; വിവാദം

Web Desk
|
7 May 2024 3:34 PM IST

സമാജ്‍വാദി പാർട്ടി നേതാവിന്റെ വാക്കുകൾ ​ഞെട്ടിക്കുന്നതും രാമനെ അപമാനിക്കുന്നതും ആണെന്നാണ് ബിജെപി ആരോപണം.

ലഖ്നൗ: അയോധ്യയിൽ ബാബരി മസ്ജിദ് തകർത്തയിടത്ത് നിർമിക്കുന്ന രാമക്ഷേത്രം കൊണ്ട് ഒരുപയോഗവുമില്ലെന്ന് സമാജ് വാദി പാർട്ടി നേതാവ് ​രാം ഗോപാൽ യാദവ്. നമ്മുടെ രാജ്യത്തെ ക്ഷേത്രങ്ങളൊന്നും നിർമിച്ചിരിക്കുന്നത് ഇതുപോലല്ല. രാമക്ഷേത്രം വാസ്തു നോക്കാതെയാണ് നിർമിച്ചതെന്നും രാം​ ​ഗോപാൽ യാദവ് പറഞ്ഞു.

'ഞാൻ എല്ലാ ദിവസവും രാമനെ ആരാധിക്കാറുണ്ട്. ചിലയാളുകൾ രാമനവമിയുടെ പേറ്റന്റ് എടുത്തിരിക്കുകയാണ്. എന്നാൽ അയോധ്യയിൽ നിർമിച്ചിരിക്കുന്ന ആ ക്ഷേത്രം ഉപയോഗശൂന്യമാണ്. ക്ഷേത്രം നിർമിക്കേണ്ട രീതിയിലല്ല അത് നിർമിച്ചിരിക്കുന്നത്. അതിന്റെ ഡിസൈനും മാപ്പും വാസ്തു പ്രകാരമല്ല'- രാം ഗോപാൽ യാദവ് വിശദമാക്കി.

രാം ​ഗോപാലിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി രം​ഗത്തെത്തി.സമാജ്‍വാദി പാർട്ടി നേതാവിന്റെ വാക്കുകൾ ​ഞെട്ടിക്കുന്നതും രാമനെ അപമാനിക്കുന്നതും ആണെന്നാണ് ബിജെപി ആരോപണം. സനാതന ധർമം ഇല്ലാതാക്കുകയാണ് ഇൻഡ്യ സഖ്യത്തിന്റെ ലക്ഷ്യമെന്ന് ഇതിലൂടെ വ്യക്തമായെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല കുറ്റപ്പെടുത്തി.

വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ഇൻഡ്യ സഖ്യത്തിലെ നേതാക്കൾ ജനങ്ങളുടെ വിശ്വാസം കൊണ്ട് കളിക്കുകയാണെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു. അയോധ്യയിലെ രാമക്ഷേത്രത്തെ അവർ എന്നും എതിർത്തിട്ടുണ്ട്. വിനാശ കാലേ വിപരീത ബുദ്ധി. രാം ഗോപാൽ യാദവ് പറഞ്ഞതെല്ലാം സനാതന വിശ്വാസങ്ങളെ അവഹേളിക്കുന്നതാണെന്നും യോ​ഗി പറഞ്ഞു.

Similar Posts