< Back
India
Ram Rahim

ഗുര്‍മീത് റാം റഹിം സിങ്

India

വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിന് 30 ദിവസത്തെ പരോള്‍; രണ്ടര വര്‍ഷത്തിനിടെ ഏഴാമത്തേത്

Web Desk
|
20 July 2023 3:07 PM IST

കഴിഞ്ഞ 20 മാസത്തിനിടെ ഇത് അഞ്ചാം തവണയും ഒമ്പത് മാസത്തിനുള്ളിൽ മൂന്നാം തവണയുമാണ് റാം റഹീമിന് പരോൾ ലഭിക്കുന്നത്

റോത്തക്: വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിന് വീണ്ടും പരോള്‍ അനുവദിച്ചു. മുപ്പത് ദിവസത്തെ പരോളാണ് ലഭിച്ചത്. നിലവിൽ റോത്തക്കിലെ സുനാരിയ ജയിലിലാണ് പ്രതി. സിർസ ആശ്രമം സന്ദർശിക്കാൻ കോടതിയുടെ അനുവാദമില്ലാത്തതിനാല്‍ ഗുര്‍മീത് ബാഗ്പട്ടിലെ ബർവാനയിലുള്ള യുപി ആശ്രമത്തിലേക്ക് മാറാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ 20 മാസത്തിനിടെ ഇത് അഞ്ചാം തവണയും ഒമ്പത് മാസത്തിനുള്ളിൽ മൂന്നാം തവണയുമാണ് റാം റഹീമിന് പരോൾ ലഭിക്കുന്നത്.നേരത്തെ, ഹരിയാന പഞ്ചായത്ത് തെരഞ്ഞെടുപ്പിനും ആദംപൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിനും മുന്നോടിയായി 2022 ഒക്ടോബറിൽ 40 ദിവസത്തെ പരോളിൽ ഗുര്‍മീത് പുറത്തിറങ്ങിയിരുന്നു. 2020 ഒക്ടോബർ 24-നാണ് ആദ്യമായി പരോൾ ലഭിച്ചത്. രണ്ടര വർഷത്തിനിടെ ഏഴാമത്തെ തവണയാണ് ബലാത്സംഗക്കേസ് പ്രതിയായ ഗുര്‍മീതിന് പരോൾ ലഭിക്കുന്നത്.

കഴിഞ്ഞ ജനുവരിയിലാണ് ഗുര്‍മീതിന് അവസാനമായി പരോള്‍ ലഭിച്ചത്. 40 ദിവസത്തെ പരോള്‍ റാമും അനുയായികളും ചേര്‍ന്ന് ആഘോഷമാക്കിയിരുന്നു. ഗുര്‍മീത് വാള്‍ കൊണ്ടു കേക്ക് മുറിക്കുന്ന സിങിന്‍റെ ആഘോഷത്തിന്‍റെ വീഡിയോ വൈറലാവുകയും വിവാദങ്ങളില്‍ ഇടംപിടിക്കുകയും ചെയ്തു. ബലാത്സംഗം,കൊലപാതകം തുടങ്ങിയ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് 20 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ് ഇയാള്‍.

1948ല്‍ മസ്താ ബാലോചിസ്താനി ആരംഭിച്ച ആത്മീയ സംഘടന ദേര സച്ചാ സൗദായുടെ തലവനാണ് ഗുര്‍മീത് റാം റഹിം സിങ്. ബലാത്സംഗത്തിലൂടെ സ്ത്രീകള്‍ ശുദ്ധീകരിക്കപ്പെടുന്നു എന്ന് അവകാശപ്പെട്ട ഗുര്‍മീത് തന്‍റെ അനുയായികളായ സ്ത്രീകളെ പലതരം ലൈംഗിക വൈകൃതങ്ങള്‍ക്ക് വിധേയരാക്കിയിരുന്നു. ഒടുവില്‍ 2017ലാണ് ബലാത്സംഗ കേസിലും രണ്ട് കൊലപാതക കേസുകളിലുമായി കോടതി ആദ്യം ശിക്ഷ വിധിച്ചത്. തുടര്‍ന്ന് 2002ല്‍ ദേര മാനേജരായ രഞ്ജിത് സിംഗിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ മറ്റ് നാല് പേര്‍ക്കൊപ്പം കഴിഞ്ഞ വര്‍ഷവും ഇയാള്‍ ശിക്ഷിക്കപ്പെട്ടിരുന്നു. 16 വര്‍ഷം മുമ്പ് ഒരു മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ 2019 ലും ഗുര്‍മീത് ശിക്ഷിക്കപ്പെട്ടിരുന്നു.

Related Tags :
Similar Posts