
പത്ത് മാസത്തിനിടെ ഏഴുതവണയും പുറത്ത്; വീണ്ടു പരോളിന് അപേക്ഷിച്ച് ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹിം
|20 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കേണ്ട കുറ്റവാളിക്ക് തുടർച്ചയായി പരോൾ അനുവദിക്കുന്നതിനെക്കുറിച്ച് നേരത്തെ ഹൈക്കോടതി വിമർശനമുന്നയിച്ചിരുന്നു
ന്യൂഡൽഹി: വിവാദ ആൾദൈവവും ബലാത്സംഗക്കേസിലെ പ്രതിയുമായ ഗുർമീത് റാം റഹീം വീണ്ടും പരോളിന് അപേക്ഷിച്ചു. 21 ദിവസത്തെ പരോളിനായി പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലാണ് ഹരജി നൽകിയിരിക്കുന്നത്. ദേര സച്ചാ സൗദ മേധാവിയായ ഇദ്ദേഹത്തിന് കഴിഞ്ഞ പത്ത് മാസത്തിനിടെ ഏഴുതവണയും റാം റഹീമിന് പരോൾ അനുവദിച്ചിരുന്നു. ജനുവരിയിൽ 50 ദിവസത്തെ പരോളാണ് അനുവദിച്ചിരുന്നത്. ദേര സച്ചാ സൗദയുടെ ആതിഥേയത്വത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ പരോൾ വേണമെന്ന് റാം റഹീം പുതിയ ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇയാളുടെ ഹരജി അംഗീകരിച്ച ഹൈക്കോടതി ഹരിയാന സർക്കാരിനും സിഖ് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിക്കും (എസ്ജിപിസി) നോട്ടീസ് അയച്ചിട്ടുണ്ട്. ജൂലൈ രണ്ടിനകം മറുപടി നൽകണമെന്നും നോട്ടീസിൽ പറയുന്നു. 20 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കേണ്ട കുറ്റവാളിക്ക് തുടർച്ചയായി പരോൾ അനുവദിക്കുന്നതിനെക്കുറിച്ച് നേരത്തെ ഹൈക്കോടതി വിമർശനമുന്നയിച്ചിരുന്നു. കഴിഞ്ഞ ജനുവരി 29 നായിരുന്നു ഹൈക്കോടതി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നത്. ഇനി വീണ്ടും പരോളിനായി അപേക്ഷിക്കുമ്പോൾ ഹരിയാന സർക്കാറിന്റെ അനുമതി വാങ്ങണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
1948ൽ മസ്താ ബാലോചിസ്താനി ആരംഭിച്ച ആത്മീയ സംഘടന ദേര സച്ചാ സൗദായുടെ തലവനാണ് ഗുർമീത് റാം റഹിം സിങ്. ബലാത്സംഗത്തിലൂടെ സ്ത്രീകൾ ശുദ്ധീകരിക്കപ്പെടുന്നു എന്ന് അവകാശപ്പെട്ട ഗുർമീത് തൻറെ അനുയായികളായ സ്ത്രീകളെ പലതരം ലൈംഗിക വൈകൃതങ്ങൾക്ക് വിധേയരാക്കിയിരുന്നു. ഒടുവിൽ 2017ലാണ് ബലാത്സംഗ കേസിലും രണ്ട് കൊലപാതക കേസുകളിലുമായി കോടതി ആദ്യം ശിക്ഷ വിധിച്ചത്. തുടർന്ന് 2002ൽ ദേര മാനേജരായ രഞ്ജിത് സിംഗിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ മറ്റ് നാല് പേർക്കൊപ്പം കഴിഞ്ഞ വർഷവും ഇയാൾ ശിക്ഷിക്കപ്പെട്ടിരുന്നു. 16 വർഷം മുമ്പ് ഒരു മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ 2019 ലും ഗുർമീത് ശിക്ഷിക്കപ്പെട്ടിരുന്നു.