< Back
India
RBI , bomb threat, റിസർവ് ബാങ്ക്, ആർബിഐ
India

'റിസർവ് ബാങ്ക് ആസ്ഥാനം ബോംബിട്ടു തകർക്കും'-റഷ്യൻ ഭാഷയിൽ ഭീഷണിസന്ദേശം, ഒരാൾ അറസ്റ്റിൽ

Web Desk
|
13 Dec 2024 11:37 AM IST

ഇന്ന് പുലർച്ചെ ഡൽഹിയിലെ 16 സ്‌കൂളുകൾക്കും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു

ന്യൂഡൽഹി: മുംബൈയിലെ റിസർവ് ബാങ്ക്(ആർബിഐ) ആസ്ഥാനത്തിനുനേരെ ബോംബ് ഭീഷണി. ഇമെയിൽ വഴി റഷ്യൻ ഭാഷയിലാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഒരാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളുടെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.

റഷ്യൻ ഭാഷയിലെഴുതിയ ഭീഷണി ആർബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ലഭിച്ചത്. ബാങ്കിൽ ആസൂത്രിത സ്‌ഫോടനം നടക്കുമെന്നായിരുന്നു ഭീഷണി. മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു. മാതാ രമാഭായി മാർഗ് (എംആർഎ മാർഗ്) പൊലീസ് സ്റ്റേഷനിലാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞമാസം 16നും റിസർവ് ബാങ്കിന് നേരെ വ്യാജ ഭീഷണിയുണ്ടായിരുന്നു.

ഇന്ന് പുലർച്ചെ ഡൽഹിയിലെ പതിനാറ് സ്‌കൂളുകൾക്കും സമാനമായി ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഫോണിലൂടെയും ഇമെയിൽ വഴിയുമായിരുന്നു ഭീഷണി. രാജ്യതലസ്ഥാനത്തെ മയൂർ വിഹാറിലെ സൽവാൻ പബ്ലിക് സ്‌കൂൾ, ശ്രീ നിവാസ് പുരിയിലെ കേംബ്രിഡ്ജ് സ്‌കൂൾ, ഈസ്റ്റ് കൈലാഷിലെ ഡൽഹി പബ്ലിക് സ്‌കൂൾ തുടങ്ങിയ സ്‌കൂളുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.

പൊലീസ്, അഗ്നിശമനസേന, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് തുടങ്ങിയവർ സ്‌കൂളുകളിൽ എത്തി പരിശോധന നടത്തി. സംഭവത്തെ കുറിച്ച് അന്വേഷണം തുടരുകയാണ്. ഈയാഴ്ച രണ്ടാം തവണയാണ് ഡൽഹിയിലെ സ്‌കൂളുകൾക്കുനേരെ ബോംബ് ഭീഷണികൾ ഉയരുന്നത്. നേരത്തെ ഡൽഹിയിലെയും പരിസര പ്രദേശങ്ങളിലെയും 40 സ്‌കൂളുകൾക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

Related Tags :
Similar Posts