
മില്ലർക്കൊപ്പം റീൽ; ആർജെ പ്രിൻസിക്ക് നേരെ ബലാത്സംഗ ഭീഷണി
|മില്ലർക്ക് ചുറ്റും അൽപ്പം ദേഷ്യത്തോടെ പരീഖ് കൈയ്യടിച്ചുകൊണ്ട് നടക്കുന്നതാണ് വീഡിയോയിലുള്ളത്
മുംബൈ: ഇന്ത്യക്കെതിരായ മത്സരശേഷം ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡേവിഡ് മില്ലറും സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർ ആർജെ പ്രിൻസി പരീഖും ചേർന്നെടുത്ത റീൽ വൻ വൈറലായിരുന്നു. എന്നാല്‍ ആ റീലിന് ശേഷം, പ്രിന്‍സി പരീഖിന് നേരിടേണ്ടി വന്നത് ഭീഷണികള്‍. ഇതില്‍ ബലാത്സംഗ ഭീഷണി വരെ ഉണ്ടായിരുന്നു.
മില്ലർക്ക് ചുറ്റും അൽപ്പം ദേഷ്യത്തോടെ പരീഖ് കൈയ്യടിച്ചുകൊണ്ട് നടക്കുന്നതാണ് വീഡിയോയിലുള്ളത്. ‘ഡേവിഡ് മില്ലർ എന്തൊരു കളിക്കാരൻ’ എന്ന ക്യാപ്ഷനോടെയാണ് അവർ വീഡിയോ പങ്കുവെച്ചത്. വീഡിയോ വൻ വൈറലായതിന് പിന്നാലെയാണ് ആർജെക്കെതിരെ ഭീഷണികളുയർന്നത്. മത്സരത്തിലെ ടോപ് സ്കോററായിരുന്നു മില്ലര്‍.
സൈബർ ആക്രമണത്തിന് ഇരയായതായി പ്രിൻസി തന്നെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചത്. വധഭീഷണി, ബലാത്സംഗ ഭീഷണി, ബോഡി ഷെയിമിങ് കമന്റുകൾ എന്നിവ തനിക്കെതിരെ ഉയരുന്നതായി ഇവർ പറയുന്നു. പിന്നാലെ ഫെയ്സ്ബുക്കിൽ പങ്കുവെച്ച റീല്‍ നീക്കി. ഇൻസ്റ്റഗ്രാമിൽ നിന്നും പിന്‍വലിച്ചിട്ടില്ല. പൊലീസിൽ പരാതി നൽകാൻ പോവുകയാണെന്നും പ്രിൻസി വ്യക്തമാക്കി.
സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ 76 റൺസിനാണ് ക്ഷിണാഫ്രിക്ക തോൽപ്പിച്ചത്. ഇതോടെ ഇന്ത്യക്ക് ഇനിയുള്ള രണ്ട് മത്സരങ്ങളും നിര്‍ണായകമായി. ജയിച്ചാല്‍ മാത്രം പോര, റണ്‍റേറ്റ് മെച്ചപ്പെടുത്തുകയും വേണം.