
വെനസ്വേലൻ ക്രൂഡ് ഓയിൽ നേരിട്ട് വാങ്ങാനുള്ള യുഎസ് ലൈസൻസ് റിലയൻസിന്
|2012ൽ വെനസ്വേലയിൽ നിന്ന് പ്രതിദിനം 400,000 ബാരൽ ഇറക്കുമതി ചെയ്യുന്നതിനായി കരാറുണ്ടായിരുന്ന റിലയൻസ് രാജ്യത്തെ ഹെവി ക്രൂഡിന്റെ ഒരു പ്രധാന ഉപഭോക്താവായിരുന്നു
മുംബൈ: വെനസ്വേലയിൽ നിന്ന് നേരിട്ട് ക്രൂഡ് ഓയിൽ വാങ്ങിക്കാനുള്ള അമേരിക്കയുടെ ലൈസൻസ് ഇന്ത്യയുടെ റിലയൻസ് ഇൻഡസ്ട്രീസിന്. ഇന്ത്യൻ ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കഴിഞ്ഞ മാസം ഈ പെർമിറ്റിന് അപേക്ഷിച്ചിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ട്രഷറി വകുപ്പിൽ നിന്ന് അനുമതി ലഭിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോയെ അനധികൃതമായി പിടികൂടിയതിന് പിന്നാലെ, വെനിസ്വേലയുടെ ഊർജ മേഖലയിൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യക്ക് മേൽ ചുമത്തിയ ശിക്ഷ തീരുവ ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ ഭാഗമായി കുറച്ചതായി ട്രംപ് ട്രൂത് സോഷ്യലിൽ പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് റിലയൻസിന് ഈ ഡീൽ ലഭിച്ചിരിക്കുന്നത്. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിർത്തുമെന്ന് പ്രഖ്യാപിച്ചാണ് ഇന്ത്യ-യുഎസ് വ്യാപാര കരാറിനെ കുറിച്ച് ട്രംപ് ട്രൂത് സോഷ്യലിൽ പോസ്റ്റ് ചെയ്തത്. എന്നാൽ ഇന്ത്യൻ കർഷകരെ നേരിട്ട് ബാധിക്കുന്നത് ഉൾപ്പെടെയുള്ള വ്യസ്ഥകളുള്ള ഇന്ത്യ-യുഎസ് വ്യാപാര കരാർ അമേരിക്കൻ പ്രസിഡന്റ് ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷം വിമർശിച്ചു.
വെനിസ്വേല അടുത്തൊന്നും വലിയ അളവിൽ ക്രൂഡ് ഓയിൽ ഉത്പാദിപ്പിക്കാൻ സാധ്യതയില്ലെങ്കിലും എങ്കിലും പരിമിതമായ വിതരണങ്ങൾ പോലും ഇന്ത്യയിലെ ഏറ്റവും വലിയ റിഫൈനറിയായ റിലയൻസിന് ഗുണകരമാണ്. 2012ൽ വെനസ്വേലയിൽ നിന്ന് പ്രതിദിനം 400,000 ബാരൽ ഇറക്കുമതി ചെയ്യുന്നതിനായി കരാറുണ്ടായിരുന്ന റിലയൻസ് രാജ്യത്തെ ഹെവി ക്രൂഡിന്റെ ഒരു പ്രധാന ഉപഭോക്താവായിരുന്നു. നേർപ്പിക്കാതെ വേർതിരിച്ചെടുക്കാനും ശുദ്ധീകരിക്കാനും പ്രയാസമുള്ള ഉയർന്ന വിസ്കോസിറ്റിയുള്ള എണ്ണ സംസ്കരിക്കാൻ ശേഷിയുള്ള ഇന്ത്യയിലെ ചുരുക്കം ചില റിഫൈനറികളിൽ ഒന്നാണ് റിലയൻസ്. 2019ൽ വെനിസ്വേലയുടെ എണ്ണ കയറ്റുമതിയുടെ ഏകദേശം 25% റിലയൻസിനായിരുന്നു.
എന്നാൽ യുഎസ് ഉപരോധങ്ങൾ കാരണം 2019ൽ കരാർ താൽക്കാലികമായി നിർത്തിവച്ചു. പിന്നീട് 2024ൽ ലൈസൻസ് ലഭിച്ചിരുന്നെങ്കിലും അത് പുതുക്കിയിരുന്നില്ല. വെനസ്വേലയിൽ നിന്നുള്ള എണ്ണ വിലക്കുറവിൽ നേരിട്ട് വാങ്ങുന്നതിനാൽ റഷ്യൻ എണ്ണയേക്കാൾ ലാഭമുണ്ടാക്കാൻ റിലയൻസിന് സാധിക്കും. റിലയൻസ് ഉൾപ്പെടെയുള്ള ഇന്ത്യൻ റിഫൈനറികൾ ഏപ്രിൽ മുതൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയിരുന്നു. മാത്രമല്ല, വെനസ്വേലൻ എണ്ണയുടെ വിതരണം കൂടുന്നത് ആഗോള ക്രൂഡ് ഓയിൽ വില കുറയാൻ കാരണമാകും.