< Back
India
Remove PM Modis Mothers AI Video, Patna High Court Tells Congress
India

മോദിയുടെ അമ്മയെ കഥാപാത്രമാക്കിയുള്ള എഐ വീഡിയോ പിൻവലിക്കണമെന്ന് ബിഹാർ ഹൈക്കോടതി

Web Desk
|
17 Sept 2025 5:02 PM IST

തന്നെ വോട്ടിന് വേണ്ടി ഉപയോഗിക്കരുതെന്ന് സ്വപ്‌നത്തിൽ മോദിയോട് അമ്മ പറയുന്നതാണ് വീഡിയോ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയെ കഥാപാത്രമാക്കി ബിഹാർ കോൺഗ്രസ് പുറത്തിറക്കിയ എഐ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. ആക്ടിങ് ചീഫ് ജസ്റ്റിസ് പി.ബി ബജന്ദ്രിയാണ് എല്ലാ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ നിന്നും വീഡിയോ നീക്കം ചെയ്യാൻ കോൺഗ്രസിനോട് ആവശ്യപ്പെട്ടത്.

സെപ്റ്റംബർ 10നാണ് പ്രധാനമന്ത്രിയുടെ അമ്മയെ കഥാപാത്രമാക്കി ബിഹാർ കോൺഗ്രസ് വീഡിയോ പുറത്തിറക്കിയത്. തന്നെ വോട്ടിന് വേണ്ടി ഉപയോഗിക്കരുതെന്ന് സ്വപ്‌നത്തിൽ മോദിയോട് അമ്മ പറയുന്നതാണ് വീഡിയോ. വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ കോൺഗ്രസ് മോദിയുടെ അമ്മയെ അപമാനിച്ചുവെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. എന്നാൽ കോൺഗ്രസ് ഈ ആരോപണം തള്ളുകയായിരുന്നു.

ജനപ്രാതിനിധ്യ നിയമപ്രകാരം രാഷ്ട്രീയ പാർട്ടികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെ ലംഘനമാണ് കോൺഗ്രസ് നടത്തിയത് എന്നായിരുന്നു ഹരജിക്കാരന്റെ വാദം. ഹരജിയിൽ അടുത്ത വാദം കേൾക്കുന്നത് വരെ വീഡിയോ പിൻവലിക്കാനാണ് കോടതി നിർദേശിച്ചതെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എൻ സിങ് പറഞ്ഞു.

രാഹുൽ ഗാന്ധി, കേന്ദ്ര സർക്കാർ, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവരെ എതിർ കക്ഷികളാക്കിയായിരുന്നു ഹരജി. അടുത്ത വാദം കേൾക്കലിന് മുമ്പ് മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്ക്, എക്‌സ്, ഗൂഗിൾ എന്നിവക്ക് കോടതി നോട്ടീസ് അയച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകൻ സിദ്ധാർഥ് പ്രസാദ് പറഞ്ഞു.

Similar Posts