< Back
India
Passport services will be suspended till 22nd of this month: Abu Dhabi Indian Embassy
India

ഗുജറാത്തിൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നു; ഒരു വർഷത്തിനുള്ളിൽ പാസ്‌പോർട്ട് സറണ്ടര്‍ ചെയ്തതത് ഇരട്ടിയിലധികം പേര്‍

Web Desk
|
11 July 2024 12:56 PM IST

2014-നും 2022-നും ഇടയിൽ ഗുജറാത്തിൽ നിന്നുള്ള 22,300 പേർ പൗരത്വം ഉപേക്ഷിച്ചുവെന്ന് കേന്ദ്രസർക്കാർ കണക്കുകൾ പറയുന്നു

അഹമ്മദാബാദ്: ഗുജറാത്തിൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ. പൗരത്വം ഉപേക്ഷിച്ച് പാസ്‌പോർട്ടുകൾ സറണ്ടര്‍ ചെയ്തവരുടെ എണ്ണം കഴിഞ്ഞവർഷത്തെക്കാൾ ഇരട്ടിയായതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

2023-ൽ 485 പാസ്പോർട്ടുകളാണ് സറണ്ടർ ചെയ്തത്. 2022 ൽ പാസ്‌പോർട്ട് സറണ്ടർ ചെയ്തവരുടെ എണ്ണം 241 ആയിരുന്നു. അതേസമയം, 2024 മെയ് വരെ 244- പാസ്‌പോർട്ടുകൾ സറണ്ടർ ചെയ്തിട്ടുണ്ടെന്ന് സൂറത്ത്, നവസാരി, വൽസാദ്, നർമ്മദ എന്നിവയുൾപ്പെടെ ദക്ഷിണ ഗുജറാത്ത് മേഖലയിലെ റീജിയണൽ പാസ്‌പോർട്ട് ഓഫീസിൽ നിന്നുള്ള കണക്കുകൾ പറയുന്നു.

30-45 വയസിനിടയിലുള്ളവരാണ് പൗരത്വം ഉപേക്ഷിച്ചവരിൽ ഭൂരിഭാഗവും. ഇവർ യുണൈറ്റഡ് സ്റ്റേറ്റ്സ്, യുകെ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ സ്ഥിരതാമസമാക്കിയവരാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

2014-നും 2022-നും ഇടയിൽ ഗുജറാത്തിൽ നിന്നുള്ള 22,300 പേർ പൗരത്വം ഉപേക്ഷിച്ചുവെന്ന് കേന്ദ്രസർക്കാർ കണക്കുകൾ പറയുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ പേർ പൗരത്വം ഉപേക്ഷിക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ഗുജറാത്ത്. ഡൽഹിയാണ് ഇതിൽ ഒന്നാമത്. 60,414 പേരാണ് ഡൽഹിയിൽ ഈ കാലയളവിൽ പൗരത്വം ഉപേക്ഷിച്ചത്. രണ്ടാമതുള്ള പഞ്ചാബിൽ 28,117 പേര്‍ പൗരത്വം ഉപേക്ഷിച്ചതെന്നാണ് കണക്കുകൾ.

കോവിഡിന് ശേഷമാണ് കൂടുതൽ പേരും പൗരത്വം ഉപേക്ഷിച്ചതെന്നും പാസ്‌പോർട്ടുകൾ സറണ്ടര്‍ ചെയ്തിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം എംബസികൾ വീണ്ടും തുറന്നതും പൗരത്വ പ്രക്രിയകൾ പുനരാരംഭിച്ചതും ഈ വർധനവിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് അഹമ്മദാബാദിലെ റീജിയണൽ പാസ്പോർട്ട് ഓഫീസർ അഭിജിത് ശുക്ല പറയുന്നു.

നിരവധി ചെറുപ്പക്കാർ പഠനത്തിനായി വിദേശത്തേക്ക് പോകുകയും ഒടുവിൽ അവിടെ സ്ഥിരതാമസമാക്കുകയും ചെയ്യുന്നതായി പേര് വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത ഒരു ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഇത്തരം വിദ്യാർഥികളുടെ എണ്ണം വർധിക്കുന്നത് പാസ്പോർട്ട് സറണ്ടര്‍ ചെയ്യുന്നതിലും വർധനവുണ്ടാക്കിയിട്ടുണ്ട്. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾക്കും ജീവിതനിലവാരത്തിനും വേണ്ടിയാണ് പല വ്യവസായികളും വിദേശത്തേക്ക് പോകുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഇന്ത്യയിലെ ഉയർന്ന ജീവിത നിലവാരമുള്ളവർ പോലും സ്വസ്ഥമായ ജീവിതാന്തരീക്ഷവും ശുദ്ധമായ പരിസ്ഥിതി അന്തരീക്ഷവും മോശം ഡ്രൈവിങ് സാഹചര്യങ്ങളടക്കമുള്ള കാരണങ്ങളാൽ ഇന്ത്യ വിടാൻ ആഗ്രഹിക്കുന്നു. അഹമ്മദാബാദ് ഉൾപ്പടെയുള്ള ഗുജറാത്തിലെ നഗരങ്ങൾ കാൽനടക്ക് പോലും അനുയോജ്യമല്ലെന്നാണ് വിസ കൺസൾട്ടന്റായ ലളിത് അദ്വാനിയുടെ അഭിപ്രായം.

'2012 മുതൽ, വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന ആളുകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്, പ്രത്യേകിച്ച് 2013-2014 ന് ശേഷം. വിദേശത്തേക്ക് താമസം മാറിയ കൂടുതൽ ആളുകൾക്ക് ഇപ്പോൾ വിദേശ പൗരത്വം ലഭിക്കുന്നതിനാൽ 2028 ഓടെ പാസ്പോർട്ട് സറണ്ടർമാരുടെ എണ്ണം ഗണ്യമായി വർധിക്കുമെന്നാണ് പാസ്‌പോർട്ട് കൺസൾട്ടന്റായ റിദേശ് ദേശായി പറയുന്നു.

ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുകയും വിദേശ പൗരത്വം നേടുകയും ചെയ്യുന്നവർക്ക് സറണ്ടർ സർട്ടിഫിക്കറ്റ് നൽകും. 1967 ലെ പാസ്പോർട്ട് നിയമം അനുസരിച്ച്, ഇന്ത്യൻ പാസ്പോർട്ട് ഉടമകൾ വിദേശ പൗരത്വം നേടിയ ശേഷം അവരുടെ പാസ്പോർട്ട് സറണ്ടർ ചെയ്യണം. പിഴകൂടാതെ മൂന്നു വർഷത്തിനകം പാസ് പോർട്ട് സറണ്ടർ ചെയ്യാം.എന്നാൽ പൗരത്വം ലഭിച്ച് മൂന്ന് വർഷത്തിന് ശേഷമാണ് പാസ്‌പോർട്ട് സറണ്ടർ ചെയ്യുന്നതെങ്കിൽ 10,000 രൂപ മുതൽ 50,000 രൂപ വരെ പിഴ ചുമത്തും.

Similar Posts